ചെത്തുകടവ് ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് വ്യാപാരികൾ

കാളികാവ് : ചെത്തുകടവ് ടൂറിസം പദ്ധതി യാഥാർഥ്യമാക്കി പ്രദേശത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാളികാവ് യൂണിറ്റ് മന്ത്രിമാർക്ക് നിവേദനം നൽകി.
ഉദരംപൊയിൽ കെട്ടുങ്ങൽചിറ മുതൽ ചെത്തുകടവ് പാലം വരെ പെഡൽബോട്ട് സർവീസ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കി മേഖലയിലെ വാണിജ്യ-സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കണമെന്നാണ് ആവശ്യം.
ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, റവന്യൂ മന്ത്രി എ.പി. അനിൽകുമാർ എന്നിവർക്കാണ് പദ്ധതിയുടെ നിർദേശങ്ങൾ സമർപ്പിച്ചത്. കാളികാവ് ജങ്ഷനിലെ പാലംവരെയുള്ള ഭാഗം റീടാറിങ് നടത്തുകയോ ഇന്റർലോക്ക് പതിക്കുകയോ ചെയ്യാമെന്ന് റവന്യൂ മന്ത്രി ഉറപ്പുനൽകി. കാളികാവ് ടൗണിൽ പഞ്ചായത്ത് സ്ഥലം നൽകിയാൽ ടൗൺ സ്ക്വയർ മാതൃകയിൽ പദ്ധതി നടപ്പാക്കാമെന്നും മന്ത്രി അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് സി.എച്ച്. ഫൈസൽ, സെക്രട്ടറി ഒ.കെ. മുസ്തഫ, നജ്മുദ്ദീൻ പോക്കാവിൽ, അബ്ദുള്ള, മുജീബ് മാസ, അഷ്റഫ്, കുഞ്ഞാണി ബങ്കാളത്ത്, അഷ്റഫ്, നജ്മുദ്ദീൻ, അനീസ് കുരിക്കൾ എന്നിവർചേർന്നാണ് നിവേദനം നൽകിയത്.