വേണം, നമുക്ക് മികച്ച ആശുപത്രി

#അപർണ വിശ്വനാഥ്

മലപ്പുറം: സാധാരണക്കാരായ ആളുകളുടെ ആതുരസേവനത്തിനുള്ള ഏക ആശ്രയമാണ് കോട്ടപ്പടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി.

പുതിയ ആശുപത്രി കെട്ടിടവും ആത്യാധുനിക ചികിത്സാസൗകര്യങ്ങളും വരുമെന്ന തികഞ്ഞ പ്രതീക്ഷയിൽ ഇവിടുത്തെ മനുഷ്യർ കഴിയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.

എന്നാൽ പ്രതീക്ഷയ്ക്ക് പച്ചക്കൊടി കാണിക്കാൻ ആശുപത്രിയുടെ നടത്തിപ്പുചുമതലയുള്ള മലപ്പുറം നഗരസഭയ്ക്ക് ഇതുവരെ ആയിട്ടില്ല. ജില്ലാ ആസ്ഥാനംകൂടിയായ കുന്നുമ്മലിൽനിന്ന് വിളിപ്പാടകലെയുള്ള ആശുപത്രിയുടെ സമഗ്രവികസനം സാധ്യമായാൽ, അത് ജില്ലയുടെതന്നെ ആരോഗ്യരംഗത്തിന് പുത്തൻ ഉണർവേകുന്നതാകും.

കെട്ടിടം പൊളിച്ചിട്ട് രണ്ടു വർഷം

പുതിയ കെട്ടിടം പണിയാനായി പഴയ കെട്ടിടം തകൃതിയിൽ പൊളിച്ചു. എന്നാൽ പൊളിച്ചിട്ട് രണ്ടുവർഷമാകാറായിട്ടും കെട്ടിടം പണിയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അത്യാഹിത വിഭാഗം, എക്‌സ്‌റേ യൂണിറ്റ്, പുരുഷ-സ്ത്രീ-കുട്ടികളുടെ വാർഡ് എന്നിവയായിരുന്നു പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.

കെട്ടിടം അൺഫിറ്റാണെന്ന് അന്നത്തെ ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് നൽകി. ഇതോടെ കിടത്തിച്ചികിത്സയും നിർത്തി. കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രി കെട്ടിടം പൊളിഞ്ഞുവീണതിനെ തുടർന്ന് ഇവിടുത്തെ അപകടാവസ്ഥയിലായ കെട്ടിടവും പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമായി. ഇതോടെ അപകടാവസ്ഥയിലായിരുന്ന കെട്ടിടവും പൊളിച്ചു. എന്നാൽ പൊളിക്കാനുണ്ടായ ആവേശം പുതിയ കെട്ടിടത്തിന്റെ നിർമാണത്തിലേക്ക് എത്തിയതുമില്ല. പഴയ ബ്ലോക്കിലെ അത്യാഹിത വിഭാഗം ആശുപത്രി വളപ്പിലെ തന്നെ മറ്റൊരു ബ്ലോക്കിലേക്ക് കഴിഞ്ഞ ജൂലായിലാണ് മാറ്റിയത്. പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇപ്പോഴും ടെൻഡർ നടപടികൾ പൂർത്തിയായില്ലെന്ന കാരണത്താൽ പൂർണമായി പൊളിച്ചിട്ടുമില്ല.