ആസ്വാദകഹൃദയത്തിൽ വിസ്മയംതീർത്ത്സോപാനത്തിന്റെ ദേശപ്പാന

എടപ്പാൾ : കാളി-ദാരിക യുദ്ധചരിത്രം 24 മണിക്കൂർ നീളുന്ന വൈവിധ്യവും ഭക്തിനിർഭരവുമായ ചടങ്ങുകളിലൂടെയും
4444 പദങ്ങളിലൂടെയും ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിച്ച് സോപാനം പഞ്ചവാദ്യം സ്‌കൂൾ നടത്തിയ ദേശപ്പാന സമാപിച്ചു. കേരളത്തിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന അനുഷ്ഠാന കലാരൂപങ്ങളിലൊന്നായ പള്ളിപ്പാനയ്ക്ക് പുതുജീവൻ നൽകാനും രേഖപ്പെടുത്തി പുതുതലമുറയ്ക്ക് ലഭ്യമാക്കാനുമായാണ് സോപാനം കണ്ടനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിൽദേശപ്പാന നടത്തിയത്.
തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ വള്ളുവനാട്ടിലെ മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ചില ഭാഗങ്ങളിൽ മാത്രം നിലനിൽക്കുന്ന ഈ കലാരൂപത്തിലെ വിവിധ ചടങ്ങുകൾ പാന കാണാത്തവർക്ക് പുതിയ അനുഭവമായി.
രാവിലെ വേളാമ്പുള്ളിക്കാവ് ഭഗവതീക്ഷേത്രത്തിൽ നിന്ന് നിരവധി താലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പോടെയാണ് തുടക്കമായത്.
ദാരികവധം തോറ്റംപാട്ടും തിരിയുഴിച്ചിലും ഗുരുതിയും പാനപിടുത്തം എന്നറിയപ്പെടുന്ന പുരുഷന്മാരുടെ നൃത്തവുമെല്ലാം പാനപ്പന്തലിൽ കൃത്യമായ അനുഷ്ഠാനങ്ങളോടെ നടന്നു.
വൈകീട്ട് നിരവധി വലിയ ഓട്ടുരുളികളിൽ മഞ്ഞളും ചുണ്ണാമ്പുമെല്ലാം ചേർത്ത് തയ്യാറാക്കിയായിരുന്നു ഗുരുതി. വെളിച്ചപ്പാടുമാരുടെ നേതൃത്വത്തിൽ മുന്നിലെ മണ്ണിൽ കുഴിച്ചിട്ട മരം കൊണ്ട് നിർമ്മിച്ച ഉരലുകൾ വാദ്യഘോഷങ്ങളുടെ അകമ്പടിയും പ്രത്യേക നൃത്തച്ചുവടുകളുമായി പുരുഷൻമാർ ആട്ടിപ്പറിക്കുന്ന ചടങ്ങായ ഗുരുതിതർപ്പണം ഏവർക്കും മനോഹരമായ കാഴ്ചയായി.
പാനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും പാനയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്ത രഞ്ജിത് ആലങ്കോട് എന്നിവരെയും ആദരിച്ചു. ചടങ്ങിൽ കുറുങ്ങാട് വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കഥാകൃത്ത് വി.ടി. നന്ദൻ, അടാട്ട് വാസുദേവൻ, സന്തോഷ് ആലങ്കോട് എന്നിവർ പ്രസംഗിച്ചു. രാത്രി പാനപ്പാട്ട്, തിരി ഉഴിച്ചിൽ, പാനച്ചാട്ടം, ഗുരുതി എന്നിവയുമുണ്ടായി.
ആലങ്കോട് രാമകൃഷ്ണൻ, ആലങ്കോട് മണികണ്ഠൻ, ആലങ്കോട് ഉണ്ണികൃഷ്ണൻ, ആലങ്കോട് സന്തോഷ് കുമാർ, ആലങ്കോട് ഗിരീഷ് കുമാർ തുടങ്ങിയവർ നയിച്ച ആലങ്കോട് പാന സംഘമാണ് പള്ളിപ്പാന അവതരിപ്പിച്ചത്. പള്ളിപ്പാന ആശാൻമാരായിരുന്ന ആലങ്കോട് ഗോവിന്ദൻകുട്ടി നായർ, ആലങ്കോട് കുട്ടൻ നായർ, ആലങ്കോട് രാമൻ നായർ, ആലങ്കോട് ഗംഗാധരൻ നായർ തുടങ്ങിയവരുടെ പിൻതലമുറയാണ് പാന അവതരിപ്പിച്ചത്.