വീടുകളിലേക്ക് ഡീസൽ ബോംബ് എറിഞ്ഞ പ്രതി പിടിയിൽ

എടപ്പാൾ : അർധരാത്രിയിൽ കുപ്പിയിൽ ഡീസൽ നിറച്ച് കത്തിച്ചശേഷം വീടുകളിലേക്കെറിഞ്ഞ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ശുകപുരത്തെ വില്ലയിൽ താമസക്കാരനും വട്ടംകുളം സ്വദേശിയുമായ നിഖിൽ (27)-നെയാണ് ഒരാഴ്ചയ്ക്കുശേഷം

ചങ്ങരംകുളം എസ്.ഐ. ജിതിൻ വാസ് അറസ്റ്റുചെയ്തത്. ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രത്തിന് സമീപമുള്ള ശുകപുരം വില്ലയിൽ താമസക്കാരായ രതി, പ്രസന്ന എന്നിവർ താമസിക്കുന്ന വീടുകളിലേക്കാണ് കഴിഞ്ഞ 19-ന് അർധരാത്രിയിൽ ഡീസൽ ബോംബെറിഞ്ഞത്.

ബിയർ കുപ്പിയിൽ ഡീസൽ നിറച്ച് തിരിയിട്ട് കത്തിച്ചശേഷം വീടുകൾക്കുനേരേ എറിയുകയായിരുന്നു. കുപ്പി പൊട്ടി പരിസരമാകെ പടർന്ന തീയിൽ വീടിന് മുൻപിലെ ചെരുപ്പും ചെടികളും കത്തിനശിച്ചു. തൊട്ടടുത്ത വില്ലയ്ക്ക് മുൻപിലും ഒരെണ്ണം വീണുപൊട്ടിയിരുന്നു. ശബ്ദവും തീയുംകണ്ട് ഭയന്ന വീട്ടുകാരുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിയെത്തി. പരിസരമെല്ലാം തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. വില്ലയിലെ ചിലർ വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പ്രതിയും അന്ന് ഒന്നുമറിയാത്തപോലെ നാട്ടുകാർക്കൊപ്പം തിരച്ചിലിനുംമറ്റും കൂടിയിരുന്നു. പിറ്റേദിവസം മുതൽ കാണാതായ ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച്

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വട്ടംകുളത്തെ ബന്ധുവീട്ടിലെത്തിയതറിഞ്ഞത്.

സംഭവദിവസം രതിയും പ്രസന്നയുമടക്കം സ്ത്രീകൾ താമസിക്കുന്നിടത്തുചെന്ന് മദ്യപിച്ച് ബോധമില്ലാതെ പ്രതിയുടെകൂടെ താമസക്കാരനായിരുന്ന അച്ഛൻ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിനെതിരേ രതിയുടെയും പ്രസന്നയുടെയും വീട്ടുകാർ അച്ഛനെ താക്കീത് ചെയ്തിരുന്നു. ഈ വൈരാഗ്യത്തിൽ പ്രതിയുടെ വീടിന്റെ ഫ്യൂസ് ഊരിക്കൊണ്ടുപോയത് രതിയുടെയും പ്രസന്നയുടെയും വീട്ടുകാരാണെന്ന് കരുതിയാണ് പ്രതി കൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇയാൾ തിരിക്കായി ഉപയാഗിച്ച തോർത്തുമുണ്ടിന്റെ അവശിഷ്ടങ്ങൾ, ഡീസൽ വാങ്ങിയ കുപ്പി, സിഗരറ്റ് ലൈറ്റ് എന്നിവ പ്രദേശത്തെ ഒരു പറമ്പിൽനിന്ന് പ്രതി​യേയുമായി പോലീസ് നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തി. ഡീസൽ വാങ്ങിയ പമ്പിലും തെളിവെടുപ്പ് നടത്തി.