മഹാമാഘ ഉത്സവം: 1001 അംഗ സംഘാടകസമിതിയായി

മാതാ അമൃതാനന്ദമയി മുഖ്യരക്ഷാധികാരി
തിരുനാവായ : 2027-ലെ മഹാമാഘ ഉത്സവത്തിനു മുന്നോടിയായി 1001 അംഗങ്ങളടങ്ങിയ സംഘാടകസമിതി രൂപവത്കരണം തിരുനാവായ നാവാമുകുന്ദ ക്ഷേത്രാങ്കണത്തിൽ നടന്നു. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനംചെയ്തു.
40 വിഭാഗങ്ങളായി തിരിച്ചായിരിക്കും സംഘാടകസമിതിയുടെ പ്രവർത്തനം. 28 ദിവസത്തിനകം ഉത്സവം പൂർത്തീകരിക്കുംവിധമാണ് ക്രമീകരിക്കുകയെന്ന് ചിദാനന്ദപുരി സ്വാമി വ്യക്തമാക്കി.
തിരുനാവായയിലെ രണ്ടു കരകളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല മാഘ ഉത്സവം. മാർഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിലല്ല മാഘ ഉത്സവം സംഘടിപ്പിക്കുന്നത്. ആചാര്യവര്യൻമാരും സന്ന്യാസിശ്രേഷ്ഠരും സമുദായസംഘടനകളുമെല്ലാം ചേർന്നാണ് നടത്തുകയെന്നും പറഞ്ഞു.
ചിന്മയാ മിഷൻ അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സ്വാമി അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ, അമൃതാനന്ദമയിമഠത്തെ പ്രതിനിധീകരിച്ച് സ്വാമിനി അതുല്യാമൃത പ്രാണ, ശ്രീരാമദാസ മിഷൻ ജനറൽ സെക്രട്ടറി യോഗാനന്ദ സരസ്വതി സ്വാമി, ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് ബ്രഹ്മസ്വരൂപാനന്ദ സ്വാമി, ശ്രീരാമകൃഷ്ണാശ്രമത്തെ പ്രതിനിധീകരിച്ച് സ്വാമി ആത്മസ്വരൂപാനന്ദ തുടങ്ങിയവർ പങ്കെടുത്തു. നിള ആരതി നടന്നു.
മാതാ അമൃതാനന്ദമയിയാണ് സംഘാടകസമിതി മുഖ്യരക്ഷാധികാരി. മെട്രോമാൻ ഇ. ശ്രീധരനാണ് ചെയർമാൻ.
സന്ന്യാസിമണ്ഡലം, ആചാര്യമണ്ഡലം, നേതൃമണ്ഡലം എന്നിങ്ങനെ മൂന്നായി തിരിച്ചുകൊണ്ടാണ് 1001 അംഗങ്ങളടങ്ങിയ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുക. ആചാര്യമണ്ഡലത്തിൽ ഭാരതത്തിലെ നാലു ശങ്കരമണ്ഡലങ്ങളിലെ പ്രതിനിധികളും കേരളത്തിലുള്ള ശങ്കരമണ്ഡലങ്ങളിലെ ആചാര്യൻമാരുമുണ്ടാകും.