എടപ്പാളിൽ കുരുക്കഴിയാൻ ഇനിയെന്തുചെയ്യും

അനധികൃത പാർക്കിങ്ങും അനധികൃത കച്ചവടവുമെല്ലാം പ്രതിസന്ധി

എടപ്പാൾ : മേൽപ്പാലം വന്നു. ബൈപ്പാസ് റോഡുകൾ വന്നു. പക്ഷേ, എടപ്പാൾ ടൗണിലെ ഗതാഗതക്കുരുക്കിന് ഇനിയും കുറവില്ല. പലദിവസങ്ങളിലും മണിക്കൂറുകളോളം കുരുക്കിൽപ്പെട്ട് ദുരിതത്തിലാകുകയാണ് യാത്രക്കാർ. ആംബുലൻസുകൾക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്.

കുറ്റിപ്പുറം-തൃശ്ശൂർ പാതയിലോ പട്ടാമ്പി-പൊന്നാനി പാതയിലോ ഒരു ചെറിയ ഗതാഗതക്കുരുക്കുണ്ടായാൽപ്പോലും അതുനീണ്ട് ടൗണിലും മേൽപ്പാലത്തിലുമെല്ലാമെത്തും. തൃശ്ശൂർ റോഡിൽ നടുവട്ടംവരെയും കുറ്റിപ്പുറം റോഡിൽ അണ്ണക്കമ്പാടുവരെയും പൊന്നാനി റോഡിൽ അംശക്കച്ചേരിവരെയും പട്ടാമ്പി റോഡിൽ ശുകപുരംവരെയുമെല്ലാം റോഡിൽ വാഹനങ്ങൾ നിറയും. ദീർഘദൂരവാഹനങ്ങൾ ടൗണിലൂടെ വരുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന നിഗമനത്തിലാണ് ടൗണിനു കുറുകെ മേൽപ്പാലം നിർമിച്ചത്. എന്നാൽ ദീർഘദൂരവാഹനങ്ങൾ അതിലൂടെ പോയാലും ചെന്നെത്തുന്നത് ഇതേ റോഡിൽത്തന്നെയാണ്. പാലത്തിന്റെ രണ്ടുവശങ്ങളിലും ദീർഘദൂര ബസുകളും ഹ്രസ്വദൂര ബസുകളുമെല്ലാം ഒരിടത്തുതന്നെയാണ് നിർത്തിയിടുക. ഇതോടെ അവിടം കുരുക്കിലാകും.

പട്ടാമ്പി റോഡിൽനിന്ന് തൃശ്ശൂർ റോഡിലേക്കുണ്ടായിരുന്ന നേതാജി ബൈപ്പാസ് റോഡ് കൊരുപ്പുകട്ട വിരിച്ച് ഗതാഗതയോഗ്യമാക്കി. ചെറുവാഹനങ്ങൾ പലതും അതിലൂടെ പോകുമെങ്കിലും സംസ്ഥാന പാതയിലെ ഗതാഗതക്കുരുക്കിലേക്കു തന്നെയാണ് എത്തിച്ചേരുക. ഇതുപോലെ തൃശ്ശൂർ റോഡിൽനിന്നും കുറ്റിപ്പുറം റോഡിൽനിന്നുമെല്ലാം ചെറിയ റോഡുകളുണ്ടെങ്കിലും എല്ലാം തിരക്കിലേക്കുതന്നെ എത്തുന്നതിനാൽ വലിയ ഫലമില്ലാത്ത അവസ്ഥയാണ്.

ശ്രമം പേരിനുപോലുമില്ല

അനധികൃത പാർക്കിങ്, അനധികൃത കച്ചവടം, നടപ്പാക്കാത്ത പരിഷ്കാരങ്ങൾ തുടങ്ങി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണങ്ങൾ പലതാണ്. ടൗണിൽ മേൽപ്പാലത്തിനടിയിൽവരെ അനധികൃത പാർക്കിങ്ങാണ്. റോഡിന്റെ വശങ്ങളിലും നടപ്പാതകളിലും ഇരുചക്രവാഹനങ്ങൾ മുതൽ കാറുകൾവരെ നിർത്തിയിടുന്നത് സ്ഥിരം കാഴ്ചയാണ്. നടപ്പാതയിലൂടെ നടക്കാനാകാത്തതിനാൽ കുട്ടികളടക്കമുള്ളവർ വാഹനങ്ങൾ കുതിച്ചോടുന്ന റോഡിലൂടെവേണം പോകാൻ. തൃശ്ശൂർ റോഡിൽ നടപ്പാതയിൽ നിരനിരയായി പെട്ടി ഓട്ടോകൾ നിർത്തിയിട്ടുള്ള കച്ചവടങ്ങളാണ്.

പട്ടാമ്പി റോഡിൽ മാളിലേക്ക് വാഹനങ്ങൾ തിരിയുന്നിടത്ത് വൈകുന്നേരങ്ങളിൽ വലിയ ഗതാഗതപ്രശ്നമാണ്. ഇതിനു പരിഹാരമായി ഇവിടുത്തെ ബസ് കാത്തിരിപ്പുകേന്ദ്രം അൽപ്പം മുകളിലേക്ക് മാറ്റിസ്ഥാപിക്കാൻ ട്രാഫിക് ഗതാഗതപരിഷ്കരണ കമ്മിറ്റി തീരുമാനിച്ച് രണ്ടുവർഷമായി. നടപ്പാക്കാൻ ഇതുവരെ നടപടിയുണ്ടായില്ല.

നിയന്ത്രിക്കാൻ ആരുമില്ല

ഗതാഗതം നിയന്ത്രിക്കാൻ പോലീസില്ലാത്തതാണ് പ്രതിസന്ധി. രണ്ട് ഹോംഗാർഡുമാരുണ്ടായിരുന്നതിൽ ഒരാൾ വിരമിച്ചശേഷം പുതിയ ആളായിട്ടില്ല. ഒരാൾമാത്രമാണ് ജോലിക്കുള്ളത്. അദ്ദേഹം നാലുറോഡിലും ഓടിനടന്നാലും നൂറുകണക്കിന് വാഹനങ്ങൾക്കിടയിൽ നിയന്ത്രണത്തിന് പരിധിയുണ്ട്.

പോലീസ് വല്ലപ്പോഴുമൊരിക്കലാണ് ടൗണിലെത്തുന്നത്. ശേഷിക്കുന്ന സമയങ്ങളിൽ കുരുക്കുണ്ടായാൽ നാട്ടുകാരും സ്വകാര്യബസുകാരുമെല്ലാമാണ് ഗതാഗതം നിയന്ത്രിക്കുക.

പരാതി നൽകിയിട്ടും നടപടിയില്ല

ടൗണിലെ അനധികൃത കച്ചവടങ്ങൾക്കും പാർക്കിങ്ങിനുമെതിരേ പോലീസിൽ രേഖാമൂലം വ്യാപാരികൾ പരാതിനൽകിയിട്ടും നടപടിയെടുത്തില്ല. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗംചേരുകയും തീരുമാനങ്ങൾ എഴുതിവെക്കുകയും ചെയ്യും; നടപ്പാക്കില്ല.

ഇ. പ്രകാശ്

പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി