ഒരു റോഡും ഒരുപാട് കൈയേറ്റങ്ങളും

തലപ്പാറ കടക്കുമ്പോൾ
തിരൂരങ്ങാടി : ഇപ്പോൾ യാത്രതുടങ്ങുന്നത് തലപ്പാറയിൽനിന്നാണ്. തൃശ്ശൂരിലേക്കുള്ള വഴി. സർവീസ് റോഡ് പലയിടത്തും കൈയേറ്റങ്ങളാൽ വീർപ്പുമുട്ടിയിരിക്കുന്നു. വഴി സ്വന്തമാക്കിയവരിൽ കച്ചവടക്കാർ മുതൽ ഓട്ടോക്കാർ വരെ.
റോഡരികിൽ ഷെഡ്ഡ് കെട്ടിയും ഗുഡ്സ് വാഹനങ്ങൾ നിർത്തിയിട്ടുമുള്ള കച്ചവടങ്ങൾ ഉൾപ്പെടെ വ്യാപകം. സർവീസ് റോഡിൽ വാഹനം നിർത്തി ഇവരിൽനിന്ന് സാധനങ്ങൾ വാങ്ങിക്കുന്ന യാത്രക്കാരെയും കണ്ടു. വാഹനങ്ങൾ റോഡിൽ നിർത്തുന്നതോടെ മറ്റു വാഹനങ്ങളുടെ കാഴ്ച മറയുന്നു. വീതികുറവുള്ളതിനാൽ മറികടന്നുപോകാനാകാതെ കുടുങ്ങിക്കിടക്കുന്നവരുമുണ്ട്.
റോഡിലെ കാറും ബൈക്കും
ആറുവരിപ്പാതയിലെത്തി ദീർഘദൂര ബസുകൾ കയറിപ്പോകുന്നവർ അവരുടെ വാഹനങ്ങൾ നിർത്തിയിടുന്നത് സർവീസ് റോഡിൽത്തന്നെ. പകൽ മുഴുവനായോ ഒന്നോ രണ്ടോ ദിവസങ്ങളിലായോ മടങ്ങിവരുന്നവർ നിരനിരയായി ഇത്തരം വാഹനങ്ങൾ നിർത്തിയിട്ടത് പലയിടങ്ങളിലും കണ്ടു. സർവീസ് റോഡിലെത്തുന്ന കാൽനടക്കാർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നതാണിത്.
ഓട്ടോ-ഗുഡ്സ് സ്റ്റാൻഡുകൾ
വഴിയോരത്തുടനീളം കണ്ടു ഓട്ടോറിക്ഷകളും ചരക്കുവാഹനങ്ങളും അവിടം സ്റ്റാൻഡാക്കി മാറ്റിയിരിക്കുന്നു. പകൽമുഴുവൻ ഈ വാഹനങ്ങൾ നിർത്തിയിടുന്നതോടെ സർവീസ് റോഡിന്റെ വീതി വീണ്ടും കുറയുന്നു. ഗതാഗതക്കുരുക്കിനും വഴിയൊരുങ്ങുന്നു.
റോഡും ഒരു വർക്ക്ഷോപ്പ്
വാഹനങ്ങൾ നന്നാക്കുന്ന വർക്ക് ഷോപ്പുകളിലെ കേടായ വാഹനങ്ങളടക്കമുള്ളവ സർവീസ് റോഡിനുസമീപം നിർത്തിയിട്ടത് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുണ്ട്. കാറുകളും വലിയ വാഹനങ്ങളടക്കമുള്ളയും ഇക്കൂട്ടത്തിലുണ്ട്. സർവീസ് റോഡിന്റെ ഇരുദിശകളിൽനിന്നായെത്തുന്ന വാഹനങ്ങൾക്ക് അപകടഭീഷണിയുണ്ടാക്കുന്നതാണിത്.