കാട്ടാനയെ തുരത്താൻവീട്ടിക്കുന്നിലെ കാടുകൾ നീക്കിത്തുടങ്ങി

ജനവാസമേഖലകളിൽ ഒരാഴ്ചയായി ആനക്കൂട്ടം

മമ്പാട് : കാട്ടാനശല്യത്തെത്തുടർന്ന് വീട്ടിക്കുന്ന് പ്രദേശത്തെ കാടുകൾ വെട്ടിത്തെളിക്കുന്ന പ്രവൃത്തി തുടങ്ങി. ജനവാസമേഖലകളിലേക്കുള്ള പ്രധാന പാതയിൽ റൂബി നഗർ മുതൽ വീട്ടിക്കുന്നുവരെ ഇരുവശങ്ങളിലേയും കാടുകൾ നീക്കി.

പാതയോരംചേർന്ന തോട്ടം മേഖലകളിൽ കർഷകരും കാടുകൾ വെട്ടിത്തെളിക്കുന്നുണ്ട്.

വീട്ടിക്കുന്ന്, മാടം, കല്ലുവാരി, പാലക്കടവ്, കണക്കൻകടവ്‌ തുടങ്ങിയ ജനവാസമേഖലകളിൽ ഒരാഴ്ചയായി ആനക്കൂട്ടം നിരന്തരം ഭീതിയും നാശവും വിതയ്ക്കുക്കുന്നു.

എടക്കോട് വനം മേഖലയോടുചേർന്ന ചില ഭാഗങ്ങളിൽ നേരത്തേ വനംവകുപ്പ് സൗരോർജ് തൂക്കുവേലി ഒരുക്കിയിട്ടുണ്ട്. എന്നാൽ പൂർണമായിട്ടില്ല. മറ്റിടങ്ങളിൽ കൂടി വേലിയൊരുക്കി ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് ആവശ്യം.

വാർഡംഗം രജീഷ് ഊട്ടുപുരത്ത്, രാജേഷ് വീട്ടിക്കുന്ന്, കെ. ബിജി, ജോർജ് ആലകുളം, അഷറഫ് ചേനാത്ത്, ജസ്റ്റിൻ, ബേബി പുഞ്ച തറപ്പിൽ, മനുകുമാർ, മോഹനൻ, അനുപ്, യുജീൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരാണ് ദൗത്യത്തിന് ഇറങ്ങിയത്. വീട്ടിക്കുന്നിൽ വ്യക്തിയുടെ പറമ്പിലെ കാടുമുടിയ സ്ഥലത്ത് കാട്ടാനകൾ പകൽ തമ്പടിക്കുന്നുണ്ട്.

എന്നാൽ മൂന്നു ദിവസത്തോളമായി ജനവാസമേഖലയിൽ ഇറങ്ങിയിട്ടില്ല. പ്രദേശത്തെ ഒട്ടേറെ കർഷകരുടെ വാഴ, കവുങ്ങ്, തെങ്ങ്, തുടങ്ങിയ കൃഷിയാണ് കാട്ടാനകൾ വ്യാപകമായി നശിപ്പിക്കുന്നത്. വേലികളും മതിലും മറ്റും തകർത്താണ് കൃഷിയിടങ്ങളിലിറങ്ങുന്നത്.

ഇപ്പോൾ പല കർഷകരും കൃഷിയിടത്ത് പടക്കംപൊട്ടിച്ചും മറ്റും കാവലിരിക്കേണ്ട സ്ഥിതിയാണ്. ടാപ്പിങ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഭീതിയിലാണ്.