ഗ്രാമീണർക്ക് വിദ്യാഭ്യാസം നൽകണമെന്ന സ്വപ്നത്തിന് സി.എച്ചും സീതി സാഹിബും ജീവൻ നൽകി -സാദിഖലി തങ്ങൾ

തിരൂർ : ഗ്രാമീണർക്ക് വിദ്യാഭ്യാസം നൽകണമെന്ന ഗാന്ധിജിയുടെ സ്വപ്നങ്ങൾക്ക് സി.എച്ചും സീതി സാഹിബും ജീവൻ കൊടുത്തെന്ന് പാണക്കാട് ‌സാദിഖലി ശിഹാബ്‌ തങ്ങൾ പറഞ്ഞു. തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജിൽ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ടുപോയ പിന്നാക്കക്കാരായ സമൂഹത്തെ മുന്നിലെത്തിക്കാൻ ഈ നേതാക്കൾക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കേരള മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ (കെ.എം.ഇ.എ.) സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ബഷീർ അലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. കുറുക്കോളി മൊയ്തീൻ എം.എൽ.എ. മുഖ്യാതിഥിയായി.

പോളിടെക്നിക് ഗവേണിങ്ങ് ബോഡി ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട്, മുൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, തിരൂർ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, കെ.എം.ഇ.എ. ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട്, ട്രഷറർ മുഹമ്മദ് ബാബു സേട്ട്, അഡ്വ. വി.കെ. ബീരാൻ, അഡ്വ. കെ.എ. ജലീൽ, കോയ പുത്തുതോട്ടിൽ, അഡ്വ. പി.എ. അബ്ദുൽ മജീദ് പറക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുകയാണ് തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജ്. നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ.) ലഭിച്ച രാജ്യത്തെ ആദ്യ മൂന്നു പോളിടെക്നിക്കുകളിൽ ഒന്നായി സ്ഥാപനം മാറി.