ഗസറ്റ് വിജ്ഞാപനമിറങ്ങി; കാലിക്കറ്റിലെ ബൊട്ടാണിക്കൽ ഗാർഡൻ ഇനി ജൈവവൈവിധ്യ പൈതൃക കേന്ദ്രം

: സംസ്ഥാനത്തെ രണ്ടാമത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി കാലിക്കറ്റ് സർവകലാശാലാ ബൊട്ടാണിക്കൽ ഗാർഡനെ പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനമിറങ്ങി. 19.5 ഏക്കറിലുള്ള ബൊട്ടാണിക്കൽ ഗാർഡനും സമീപത്തായി 13.5 ഏക്കറിലുള്ള വൃക്ഷോദ്യാനവും ഉൾപ്പെടുത്തിയാണ് ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനമിറക്കിയത്. രാജ്യത്ത് ഈ വിഭാഗത്തിലുള്ള 58-ാമത്തെ കേന്ദ്രമാണിത്.

ഡോ. ആർ. ബിന്ദു മന്ത്രിയായിരിക്കെ സർവകലാശാലയിൽ പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോഴാണ് ഗസറ്റ് വിജ്ഞാപനമിറങ്ങിയത്. കേരളത്തിൽ കൊല്ലത്തെ ആശ്രാമം കണ്ടൽവനമാണ് ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രം.

ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ പരിശോധനയ്ക്കുശേഷം സംസ്ഥാന ജൈവവൈവിധ്യ ബോർഡാണ് അംഗീകാരം നൽകിയത്.

കേരളത്തിന് അകത്തും പുറത്തുമുള്ള വൈവിധ്യമാർന്ന സസ്യശേഖരം, അന്തമാൻ നിക്കോബാർ ദ്വീപുകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിവിധതരം ഇഞ്ചിവർഗങ്ങൾ, വൈവിധ്യമാർന്ന വന്യവാഴകൾ, ജലസസ്യങ്ങളുടെ വ്യത്യസ്ത ശേഖരം, പന്നൽ വർഗങ്ങൾ, ബ്രയോഫൈറ്റുകൾ, കള്ളിമുൾച്ചെടികൾ തുടങ്ങിയവ ബൊട്ടാണിക്കൽ ഗാർഡന്റെ സമ്പന്നതയാണ്. ഇതിനെല്ലാംപുറമെ കാഴ്‌ചപരിമിതർക്ക് ചെടികളെ മണത്തും തൊട്ടും മനസ്സിലാക്കാനുള്ള സംവിധാനവും പ്രകൃതിദത്തമായ വനപാതയും ഇവിടെയുണ്ട്.

വിശാലമായ ജലസംഭരണികളാണ് മറ്റൊന്ന്. 1968-ലാണ് ബൊട്ടാണിക്കൽ ഗാർഡനായി സ്ഥലം അനുവദിച്ചത്. 1972-ലായിരുന്നു ഉദ്ഘാടനം.

സസ്യശാസ്ത്ര പഠനവിഭാഗം പ്രഥമ മേധാവി ഡോ. ബി.കെ. നായരുടെ താത്‌പര്യപ്രകാരംകൂടിയായിരുന്നു നടപടികൾ. മുൻ വകുപ്പ് മേധാവി ഡോ. സന്തോഷ് നമ്പിയാണ് ജൈവവൈവിധ്യ പൈതൃക കേന്ദ്ര പദവിക്കായി നടപടികൾ സ്വീകരിച്ചത്. പൈതൃക പദവി ലഭിച്ചതോടെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ലഭിക്കും. രാജ്യത്ത് ബംഗാളിലാണ് ഏറ്റവുംകൂടുതൽ ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളുള്ളത്; 10 എണ്ണം.