നാട്ടുകാർ ഇറങ്ങി, റോഡ് റെഡി

എടപ്പാൾ : കാലങ്ങളായി തകർന്നും വീതിയില്ലാതെയും കിടന്ന കക്കിടിക്കൽ-പന്താവൂർ റോഡിൽ ഇനി ദുരിതം കുറയും. റോഡിന് വീതിയില്ലാത്തിനാൽ നാട്ടുകാർ റോഡിന്റെ നവീകരണം ആവശ്യപ്പെട്ട് പല നേതാക്കളെയും സമീപിച്ചിരുന്നു

ഒടുവിൽ അവരൊത്തുകൂടി റോഡിന്റെ വീതികൂട്ടി. വിവരം ധരിപ്പിച്ചതോടെ നവീകരണത്തിനാവശ്യമായ തുകയനുവദിച്ച് മന്ത്രിയും നാടിനൊപ്പം ചേർന്നു.

വട്ടംകുളം-ആലങ്കോട് പഞ്ചായത്തുകളിലായിക്കിടക്കുന്നതും സംസ്ഥാന പാതയിൽനിന്ന് രണ്ടു ജില്ലകളെയും ബന്ധിപ്പിക്കുന്നതുമാണ് കക്കിടിക്കൽ-പന്താവൂർ റോഡ്.

പന്താവൂർ, നെല്ലിശ്ശേരി, കുറ്റിപ്പാല, എറവക്കാട് തുടങ്ങിയ നിരവധി ഗ്രാമങ്ങളെ എടപ്പാൾ, ചങ്ങരംകുളം ടൗണുകളുമായി ബന്ധിപ്പിക്കുന്ന രണ്ടരക്കിലോമീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള റോഡാണിത്.

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിനുമുൻപിലൂടെ പോകുന്ന പൊതുമരാമത്ത് വകുപ്പ് റോഡിൽ നിന്നാരംഭിച്ച് തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂരിലെത്തിച്ചേരുന്നതാണ് റോഡ്.

കക്കിടിക്കൽ മഖാം, കുന്നത്ത് പള്ളി മഖാം, നെല്ലിശ്ശേരി, കക്കിടിപ്പുറം യു.പി. സ്കൂളുകൾ, ഐ.എച്ച്.ആർ.ഡി. സ്കൂൾ, അപ്ലൈഡ് സയൻസ് കോളേജ്, കക്കിടിക്കൽ എൽ.പി.സ്കൂൾ, അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ, കക്കിടിക്കൽ മദ്രസ, ദലാഇലുൽ ഖൈറാത്ത് ദഅവാ കോളേജ്, അങ്കണവാടി, ഞങ്ങാട്ട് ക്ഷേത്രം, സംസ്കൃതി സ്കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയെല്ലാം ഗതാഗതമാർഗമാണിത്. അൻപതോളം സ്കൂൾ വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്നതും ആയിരക്കണക്കിന് സാധാരണക്കാർക്ക് പുറംലോകത്തെത്താനുള്ള ഏറെ പ്രധാനപ്പെട്ട റോഡാണിത്.

കുറേകാലമായി വീതിയില്ലാതെയും റോഡിന്റെ ദുരവസ്ഥയും മൂലം ജനങ്ങളെല്ലാം ഏറെ പ്രയാസത്തിലായിരുന്നു.

രണ്ടു വാഹനങ്ങൾ എതിർദിശയിലെത്തിയാൽ അങ്ങോട്ടുമിങ്ങോട്ടും പോകാനാവാത്ത അവസ്ഥയായിരുന്നു.

റോഡ് വീതികൂട്ടി പൊതുമരാമത്ത് വകുപ്പിന് കൈമാറി നവീകരിച്ചാൽ മാത്രമേ നാടിന് രക്ഷയുള്ളൂവെന്ന തിരിച്ചറിവിലാണ് ഒടുവിൽ നാട്ടുകാരൊത്തുകൂടിയത്.

പൊതുമരാമത്ത് നിബന്ധനപ്രകാരം എട്ട് മീറ്റർ വീതികൂട്ടുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാനായി ബഷീർ കക്കിടിക്കൽ ചെയർമാനും കെ.വി. ഷെരീഫ് കൺവീനറും സി.പി. മുഹമ്മദ്കുട്ടി ട്രഷററുമായി റോഡ് വികസന സമിതി രൂപവത്കരിച്ചു.

അടുത്ത കടമ്പ പണം

വീതിയായതോടെ റോഡ് നവീകരിക്കാനുള്ള പണം കണ്ടെത്താനായി ശ്രമം.

ഭാരവാഹികളും നാട്ടുകാരുമെല്ലാംചേർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ വീണ്ടും കണ്ടു.

കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തി.

നാട്ടുകാരുടെ വികാരവും ആവേശവും കണ്ടറിഞ്ഞ മന്ത്രി അവർക്കൊപ്പം നിന്നു. ഏഴുകോടി രൂപ അനുവദിച്ച് നാട്ടുകാരുദ്ദേശിച്ച രീതിയിലുള്ള റോഡ് നിർമിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി.

എം.എൽ.എ. എത്തി റോഡ് സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങളും നൽകി.

റോഡിനിരുവശവും കാന, രണ്ടു പാലങ്ങൾ, കക്കിടിപ്പുറം സ്കൂളിനടുത്തുള്ള കയറ്റം താഴ്ത്തൽ എന്നിവയെല്ലാം തീർത്താണ് റോഡ് റബ്ബറൈസ് ചെയ്ത് നാടിന് സമർപ്പിക്കുക.

ഇത് കൂട്ടായ്മയുടെ വിജയം !

:നാട്ടുകാരുടെ കൂട്ടായ്മയുടെ വിജയമാണ് റോഡിന്റെ നവീകരണത്തിന് വഴിവെച്ചത്. ആ വികാരം മനസ്സിലാക്കി സർക്കാരും കൂടെനിന്നു. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റണം.

ബഷീർ കക്കിടിക്കൽ, ചെയർമാൻ, റോഡ് വികസനസമിതി.