നൂറോളം മോഷണക്കേസുകളിൽ പ്രതി; കാവനൂരിൽ പണിയുന്നത് ആഡംബര വീട്

മഞ്ചേരി : പകൽ ആഡംബര കാറിൽ കറങ്ങി വീടുകൾ കണ്ടെത്തും. രാത്രി വാതിൽ തകർത്ത് മോഷണം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം മോഷണക്കേസുകളിൽ പ്രതിയായ, കഴിഞ്ഞദിവസം മഞ്ചേരി പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് തേഞ്ഞിപ്പലം പതിനാലാംമൈൽ കിഴക്കേക്കോട്ടയിൽ സൈനുദ്ദീന്റെ (43) ജീവിതരീതി പോലീസിനെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. മഞ്ചേരി കരുവമ്പ്രം ഭാഗത്ത് രാത്രിയിൽ വീടുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും അടക്കം മോഷ്ടിച്ച കേസിലാണ് സൈനുദ്ദീൻ അറസ്റ്റിലായത്. മോഷണത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതി കാവനൂർ വടക്കമല റോഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വീട് നിർമിച്ചുവരുകയായിരുന്നു. പോലീസ് പിടികൂടാനെത്തിയപ്പോൾ പ്രതി വീടുനിർമാണ ജോലികളുടെ തിരക്കിലായിരുന്നു. വസ്ത്രവ്യാപാരിയാണെന്ന് നാട്ടുകാരെയും സുഹൃത്തുക്കളെയും വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ ജീവിതം. പകൽസമയങ്ങളിൽ ആഡംബര കാറിൽ വിവിധ പ്രദേശങ്ങളിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകൾ കണ്ടെത്തും. വീടുകളുടെ പരിസരവും സാഹചര്യങ്ങളും മനസ്സിലാക്കി മോഷണത്തിന് അനുയോജ്യമായ സമയം കാത്തിരിക്കും.
അർധരാത്രിയിൽ ഇരുചക്രവാഹനത്തിലെത്തുന്ന പ്രതി മുഖംമറച്ച് കൈകളിൽ ഗ്ലൗസും ധരിച്ച് പ്രത്യേക ആയുധം ഉപയോഗിച്ച് വീടുകളുടെ മുൻവാതിൽ തകർത്താണ് അകത്തുകടന്നിരുന്നത്. മോഷണത്തിനുശേഷം തെളിവുകൾ നശിപ്പിക്കാനും പ്രത്യേക ശ്രദ്ധപുലർത്തിയിരുന്നു. വീടുകളിലെ സി.സി.ടി.വി. ക്യാമറകളുടെ ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെ എടുത്തുമാറ്റിയാണ് പ്രതി കടന്നുകളഞ്ഞിരുന്നത്. ഓരോ ജില്ലയിലും മോഷണം നടത്തിയശേഷം മറ്റൊരു ജില്ലയിലേക്കു താമസംമാറി ആഡംബര ജീവിതം തുടരുന്നതായിരുന്നു ഇയാളുടെ രീതി. പതിനെട്ടാംവയസ്സിൽ മോഷണം തുടങ്ങിയ പ്രതിക്കെതിരേ വിവിധ ജില്ലകളിലായി നൂറോളം മോഷണക്കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. പാലക്കാട് ജില്ലയിൽ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട് ജയിലിലായ ഇയാൾ 2024-ൽ ജാമ്യത്തിലിറങ്ങി പിന്നീട് സഹോദരിക്കും കുടുംബത്തിനുമൊപ്പം മഞ്ചേരി, കാവനൂർ, രാമൻകുളം എന്നിവിടങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്ത് താമസിച്ചുവരുകയായിരുന്നു. ഇതിനിടെ കോഴിക്കോട് ജില്ലയിൽ പോക്സോ കേസിലും പ്രതിയായിട്ടുണ്ട്.
ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം സ്ഥിരമായ ജോലിയൊന്നുമില്ലാതിരുന്നിട്ടും ലക്ഷങ്ങൾ വിലമതിക്കുന്ന വീട് കാവനൂരിൽ നിർമിച്ചുവരുകയായിരുന്നു. ആഡംബര കാറും വീടിന്റെ നിർമാണവും ഉൾപ്പെടെയുള്ള ജീവിതസാഹചര്യങ്ങൾ പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മോഷണത്തിലൂടെ സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ചും കൂടുതൽ അന്വേഷണത്തിനു വഴിയൊരുക്കിയിട്ടുണ്ട്.
മഞ്ചേരി നഗരപ്രദേശങ്ങളിലെ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് തുടർച്ചയായി മോഷണം നടന്നതിനെത്തുടർന്ന് മഞ്ചേരി പോലീസും മലപ്പുറം ഡാൻസാഫ് സംഘവും സംയുക്തമായി അന്വേഷണം നടത്തുകയായിരുന്നു. നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും സമാനരീതിയിൽ മോഷണം നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതോടെയാണ് സൈനുദ്ദീനിലേക്ക് അന്വേഷണമെത്തിയത്.