കാട്ടുപന്നികൾക്കെതിരെ നിർമാർജ്ജന നടപടി

പതിനഞ്ചെണ്ണത്തിനെ വെടിവെച്ചുകൊന്നു
പാണ്ടിക്കാട് : കൃഷിയിടത്തിലെ കാട്ടുപന്നി പടയ്ക്ക് കടിഞ്ഞാണിട്ട് പാണ്ടിക്കാട് പഞ്ചായത്ത്. വനംവകുപ്പിന്റെ സഹകരണത്തോടെയുള്ള കൃഷിയിടത്തിലെ കാട്ടുപന്നിനിർമ്മാർജ്ജന പദ്ധതിക്ക് തുടക്കമായി. ആദ്യദിവസംതന്നെ വിവിധ പ്രദേശങ്ങളിലായി 15 പന്നികളെ വെടിവെച്ച് ഇതിനായി തോക്ക് ലൈസൻസുള്ളതും പ്രത്യേക പരിശീലനം സിദ്ധിച്ചതുമായ എട്ട് വേട്ടക്കാരെയാണ് നിയോഗിച്ചത്.
മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതും, റോഡിന് കുറുകെയോടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായതോടെ പഞ്ചായത്ത് വനംവകുപ്പുമായിച്ചേർന്ന് പ്രത്യേകപദ്ധതി ആവിഷ്കരിക്കുകയായിരുന്നു.
കാട്ടുപന്നികൾ കൂടുതലുള്ള ഐ.ആർ.ബി. ക്യാമ്പ് പരിസരം, കർഷകർ ആവശ്യപ്പെടുന്ന കൃഷിഭൂമികൾ എന്നിവ കേന്ദ്രീകരിച്ച് വരുംദിവസങ്ങളിൽ ദൗത്യസംഘങ്ങളെത്തും.
നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. ജി. ധനിക്‌ലാൽ പദ്ധതി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രോഹിൽനാഥ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.സി. റമീഷ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ.ടി. മുബഷിർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. അസൈനാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.ടി. ഷെരീഫ്, കെ.ടി. ഗിരീഷ് ബാബു, സീമ വാവോട്ടിൽ, അംഗങ്ങളായ യൂനസ് വടക്കൻ, സുന്ദരൻ പനയംതൊടിക , ടി.കെ. സമീർബാബു, കെ. ഫിറോസ്ഖാൻ, ഷബ്ന ഷിഹാബ്, പഞ്ചായത്ത് സെക്രട്ടറി പി. ദീപ, കാർഷികവികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.