നൂതന സാങ്കേതികവിദ്യകൾ ചർച്ചചെയ്ത് ‘ഐ.സി.എഫ്.സി.ആർ. -2026’

കുറ്റിപ്പുറം : നൂതന സാങ്കേതികവിദ്യകളും ഗവേഷണ സാധ്യതകളും ചർച്ചചെയ്ത് അന്താരാഷ്ട്ര സമ്മേളനം. കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗമാണ് ‘നിയന്ത്രണ സംവിധാനങ്ങളിലും പുനരുപയോഗ ഊർജത്തിലുമുള്ള ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് സമ്മേളനം നടത്തിയത്.

ഐ.ഇ.ഇ.ഇ. കേരള ഘടകത്തിന്റെ സാങ്കേതിക സഹകരണത്തോടെ നടന്ന ‘ഐ.സി.എഫ്.സി.ആർ. -2026’സമ്മേളനം അമരരാജ ഡിസൈൻ ആൽഫ മാനേജിങ് ഡയറക്ടർ ഡോ. കെ.ആർ. സുരേഷ് നായർ ഉദ്ഘാടനംചെയ്തു. എം.ഇ.എസ്. കോളേജ് സെക്രട്ടറി എൻജിനീയർ കെ.വി. ഹബീബുള്ള അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ഐ. റഹ്‌മത്തുന്നിസ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം മേധാവിയുമായ ഡോ. കെ. നഫീസ, ഡോ. ഷൈമ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ ലക്ഷ്യങ്ങളും പ്രസക്തിയും ഐ.സി.എഫ്.സി.ആർ. -2026 സംയുക്ത പൊതു അധ്യക്ഷൻ ഡോ. എബ്രഹാം ടി. മാത്യു വിശദീകരിച്ചു.

സാങ്കേതിക സെഷനുകളിൽ നിയന്ത്രണസംവിധാനങ്ങൾ, പവർ ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവുകൾ, ബയോമെഡിക്കൽ എൻജിനിയറിങ് തുടങ്ങിയ മേഖലകളിലെ ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിലെ ഗവേഷകരും അധ്യാപകരും ഗവേഷണവിദ്യാർഥികളും പഠനങ്ങളും പുതിയ കണ്ടെത്തലുകളും പങ്കുവെച്ചു. പുനരുപയോഗ ഊർജ സാങ്കേതികവിദ്യകൾ, വൈദ്യുതി സംവിധാന നവീകരണം, കൃത്രിമബുദ്ധിയുടെ പ്രയോഗങ്ങൾ, റോബോട്ടിക്സ്, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിലെ പുതിയ ഗവേഷണങ്ങളും സാധ്യതകളും എന്നിവ ചർച്ചചെയ്തു. രണ്ടാംദിവസം ഇസ്താംബുൾ സർവകലാശാലയിലെ അസോ. പ്രൊഫസർ ഡോ. ജി. സിഗ്‌ദെം യാൽസിൻ മുഖ്യപ്രഭാഷണം നടത്തി.