ഗ്രീൻ ചേഞ്ച്‌മേക്കേഴ്‌സ് ഫെലോഷിപ്പ് സമാപിച്ചു

വള്ളിക്കുന്ന് : ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനും വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഗ്രീൻ ചേഞ്ച്‌മേക്കേഴ്‌സ് ഫെലോഷിപ്പ് ഫിഷറീസ് ലോവർ പ്രൈമറി സ്‌കൂളിൽ സമാപിച്ചു.
വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തിലെ എട്ട് സ്‌കൂളുകളിൽനിന്നുള്ള 30 വിദ്യാർഥികൾ പങ്കെടുത്ത ഫെലോഷിപ്പിൽ കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യം, പരിസ്ഥിതിസംരക്ഷണം, സുസ്ഥിര ജീവിതരീതി, ദുരന്തപ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.
പേപ്പർ ബാഗ് നിർമാണം, വൃക്ഷത്തൈ നടീൽ, പ്രകൃതിനിരീക്ഷണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി.
സമാപനത്തിൽ വിദ്യാർഥികൾ പ്രവർത്തനങ്ങളും പദ്ധതികളും അവതരിപ്പിക്കുകയും പരിസ്ഥിതിസംരക്ഷണ നിർദേശങ്ങളടങ്ങിയ കത്ത് വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തിന് സമർപ്പിക്കുകയും ചെയ്തു. പദ്ധതികളുടെ അവതരണത്തിൽ നേറ്റീവ് എ.യു.പി. സ്‌കൂൾ വള്ളിക്കുന്ന് അത്താണിക്കൽ ഒന്നാംസ്ഥാനം നേടി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ സമ്മാനദാനം നിർവഹിച്ചു. നേച്ചർ ഫോട്ടോഗ്രാഫർ വിജേഷ് വള്ളിക്കുന്ന് പരിപാടി ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക പി. റീന, പുഷ്പ മൂന്നുചിറയിൽ, പി. ബിന്ദു, ഇ.കെ. ശരീഫ, നിമ്മി തെരേസ, എൻ.വി. അനഘ എന്നിവർ സംസാരിച്ചു.