വിൽപ്പനയ്ക്ക് തയ്യാറാക്കിയ മയക്കുമരുന്നുമായി പിടിയിലായി

വണ്ടൂർ : വീട്ടിൽ വിൽപ്പനയ്ക്കു തയ്യാറാക്കുകയായിരുന്ന 81.733 ഗ്രാം എംഡിഎംഎ യുമായി മൂന്നുപേർ എക്സൈസിന്റെ പിടിയിലായി. വണ്ടൂർ കാരാട് ഊട്ടുപുറം മേക്ലംപറ്റ വീട്ടിൽ ഷൈജേഷ് (34), നിലമ്പൂർ മണലൊടി പുത്തൻവീട് മഹേഷ്കുമാർ (35), കാരാട് പടവെട്ടി വീട്ടിൽ അരുൺ (24) എന്നിവരെയാണ് നിലമ്പൂർ എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണുവും സംഘവും അറസ്റ്റുചെയ്തത്.
രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഷൈജേഷിന്റെ വീട്ടിലാണ് പരിശോധനയ്ക്കെത്തിയത്. ഈ സമയം എംഡിഎംഎ വിൽപ്പനയ്ക്കായി തയ്യാറാക്കുകയായിരുന്നു മൂവരും. മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗവും എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡും നിലമ്പൂർ എക്സൈസ് വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. 5980 രൂപയും മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും പിടികൂടിയിട്ടുണ്ട്. നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി.ആർ. ജിഷ്ണു, എക്സൈസ് ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ ടി. ഷിജുമോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എ. അനീഷ്, എക്സൈസ് കമ്മിഷണർ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ.എസ്. അരുൺകുമാർ, തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.