ഫംഗസ് രോഗബാധ ഡ്രാഗൺ ഫ്രൂട്ട് കർഷകർ പ്രതിസന്ധിയിൽ

നിലമ്പൂർ : അപൂർവയിനം ഫംഗസ് രോഗബാധയെത്തുടർന്ന് ഡ്രാഗൺ ഫ്രൂട്ട് കർഷകർ പ്രതിസന്ധിയിൽ. രോഗബാധ കണ്ടെത്താൻ കഴിയാതെ കൃഷിവകുപ്പ്. കാർഷികവിളകളുടെ വിലയിടിവും തെങ്ങ്, കമുക് കൃഷികൾക്കുണ്ടായ രോഗബാധയും കർഷകരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതേത്തുടർന്ന് വരുമാനം കണ്ടെത്താൻ തുടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കൃഷിയാണ് ഫംഗസ് വന്ന് തണ്ടുകൾ ചീഞ്ഞ് നശിക്കുന്നത്.

20 വർഷത്തോളം വിളവെടുക്കാൻ കഴിയുന്നതാണ് ഡ്രാഗൺ ഫ്രൂട്ട് ചെടികൾ. രോഗബാധയെത്തുടർന്ന് ഉത്പാദനത്തിലും വൻ ഇടിവുണ്ടായതായി കർഷകർ പറയുന്നു.

ജില്ലയുടെ മലയോരമേഖലകളിൽ നിരവധി കർഷകർ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ വരുമാനമുണ്ടാക്കുന്നുണ്ട്. ഇവരുടെ കൃഷിയിടത്തിലാണ് കഴിഞ്ഞവർഷം മുതൽ ചെറിയതോതിൽ ഫംഗസ് ബാധ കണ്ടത്തിയത്. കാർഷികമേഖലയിലെ ശാസ്ത്രജ്ഞന്മാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരീക്ഷണാർഥം പല പ്രതിരോധ മരുന്നുകൾ ചെടിയിൽ തളിക്കാൻ നൽകിയെങ്കിലും ഫംഗസ് ബാധയിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷികൾ നശിക്കുന്നതിന് മാറ്റമുണ്ടായില്ല. ആറുവർഷമായി ഡ്രാഗൺ ഫ്രൂട്ട് കൃഷി നടത്തുന്ന കർഷകനാണ് ഇടിവണ്ണയിലെ ഇഞ്ചനാൽ ജോസ്. വീടിനോട് ചേർന്ന കൃഷിയിടത്തിലെ 40 സെന്റിലാണ് ജോസ് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി കൃഷിയിടത്തിൽനിന്ന് മികച്ച വരുമാനം ലഭിച്ചിരുന്നതായി ജോസ് പറഞ്ഞു. കഴിഞ്ഞവർഷം ഒന്നരലക്ഷം രൂപയുടെ വരുമാനം കിട്ടിയിരുന്നു. എന്നാൽ ഫംഗസ് ബാധയെത്തുടർന്ന് ചെടികളിലെ തണ്ടുകൾ ചീഞ്ഞതിനാൽ ഇപ്പോഴത് 30,000 രൂപയായി ഇടിഞ്ഞു.

ഏപ്രിൽ മുതൽ നവംബർ വരെയാണ് വിളവെടുപ്പ് കാലം. ഡിസംബർ മുതൽ പുതിയ തണ്ടുകൾ വന്നുതുടങ്ങും. ഇതാണ് നശിക്കുന്നത്. ഫലമുണ്ടായി പകുതിവളർച്ച എത്തുന്നതോടെ ഇവയിൽ ഫംഗസ് രോഗബാധ കണ്ടുതുടങ്ങും. ഫംഗസ് പ്രതിസന്ധികൊണ്ട് ഡ്രാഗൺ ഫ്രൂട്ട് കൃഷി ഉപേക്ഷിക്കാനാണ് ജോസിന്റെ തീരുമാനം.

കാർഷിക സർവകലാശാലകളിലെ വിദഗ്ധരുടെ സഹായത്തോടെ ഫംഗസ് രോഗബാധയെ പ്രതിരോധിക്കാൻ കൃഷി വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജോസ് ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യം.