റോഡ് വീതികൂട്ടും; ചെമ്മാട്ട് ഗതാഗതപ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി

3.1 കിലോമീറ്ററിൽ 18 മീറ്റർ വീതിയിൽ നവീകരണം കരിപറമ്പ് മുതൽ തിരൂരങ്ങാടി വരെ

സ്ഥലം നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കും

തിരൂരങ്ങാടി : സ്ഥലം ഏറ്റെടുത്ത് റോഡ് വീതികൂട്ടി ചെമ്മാട് ടൗണിലെ ഗതാഗതപ്രശ്നം പരിഹരിക്കുമെന്ന് ചെമ്മാട്ടെത്തിയ പൊതുമരാമത്തുമന്ത്രി പി.കെ. ബഷീറിന്റെ ഉറപ്പ്. തിങ്കളാഴ്ച രാവിലെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഗതാഗതപ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരത്തുനിന്നെത്തിയ എൻജിനിയർമാരടങ്ങിയ വിദഗ്ധസംഘം നൽകിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ചെമ്മാട്ടെത്തിയത്. നിലവിലെ 10 മീറ്റർ വീതി എട്ടുമീറ്റർ സ്ഥലം ഏറ്റെടുത്ത് 18 മീറ്ററാക്കി ഉയർത്തും. കരിപറമ്പ് മുതൽ തിരൂരങ്ങാടിവരെയുള്ള 3.1 കിലോമീറ്റർ നീളത്തിൽ സ്ഥലം ഏറ്റെടുത്ത് റോഡ് നവീകരിക്കാനാണ് പദ്ധതിയൊരുക്കുക. സ്ഥലം നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തിയാകും സ്ഥലം ഏറ്റെടുക്കുകയെന്നും മന്ത്രി പറഞ്ഞു.

ചെമ്മാട്ട് ടൗണിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് മാതൃഭൂമി നേരത്തേ വാർത്ത നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി സംഘടിപ്പിച്ച പൊതുചർച്ചയിൽ ചെമ്മാട് ടൗണിലെ കോഴിക്കോട് റോഡ് ജങ്ഷന്റെ വീതിക്കുറവ് ഗതാഗതക്കുരുക്കിന് പ്രധാനകാരണമാണെന്നും ജങ്ഷനിലെ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടി നവീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അഭിപ്രായങ്ങളുയർന്നിരുന്നു. കൈയേറ്റങ്ങൾ ‍ഒഴിപ്പിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതും പൂർത്തിയാക്കി ജങ്ഷൻ വീതികൂട്ടുന്നതിന്റെ നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു.

സർക്കാർ നടപ്പാക്കുന്ന ജങ്ഷൻ നവീകരണ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുക. പദ്ധതിയുടെ മേൽനോട്ടത്തിനായി പ്രത്യേക ഓഫീസറെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

പി.എം.എ. സമീർ എം.എൽ.എ. അധ്യക്ഷനായി. മുൻമന്ത്രി പി.കെ. അബ്ദുറബ്ബ്, തിരൂരങ്ങാടി നഗരസഭാധ്യക്ഷ സി.പി. ഹബീബ ബഷീർ, ഉപാധ്യക്ഷൻ എം. അബ്ദുറഹ്‌മാൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബഷീർ, മുൻ നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ടൗണിലെ റോഡിന്റെയും ജങ്ഷനുകളുടെയും വീതിക്കുറവിനു പുറമെ അനധികൃതമായ പാർക്കിങ്, ബസ്‌സ്റ്റോപ്പുകളുടെ അശാസ്ത്രീയത, കെട്ടിടങ്ങളിൽ പാർക്കിങ് സൗകര്യമില്ലാത്തത്, ഗതാഗതനിയന്ത്രണത്തിന് പോലീസില്ലാത്തത് ഉൾപ്പെടെ ചെമ്മാട്ടെ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.