തൂവ്വൂർ കമാനത്ത് പുതിയ മേൽപ്പാലത്തിന് നടപടി തുടങ്ങി

പഴയ പാലത്തിൽ ഗതാഗതനിയന്ത്രണം
തുവ്വൂർ : നൂറുവർഷം പഴക്കമുള്ള തൂവ്വൂർ കമാനം റെയിൽവേ മേൽപ്പാലത്തിന് പകരം പുതിയ മേല്പാലം നിർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പദ്ധതിയുടെ പ്രൊപ്പോസൽ, അനുമതി, വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കൽ തുടങ്ങിയ നടപടികൾ സതേൺ റെയിൽവേയുടെ ചെന്നൈ ഹെഡ് ഓഫീസിന്റെ പരിഗണനയിലാണ്.
പുതിയ മേല്പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് തൂവ്വൂർ പഞ്ചായത്ത് നേരത്തേ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
തുടർനടപടികൾക്കായി പഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് പദ്ധതിയുടെ നിലവിലെ നടപടിക്രമങ്ങൾ സംബന്ധിച്ച വിവരം ലഭിച്ചത്.
കാലപ്പഴക്കത്തെത്തുടർന്ന് പാലത്തിന്റെ അടിഭാഗത്തിന് ബലക്ഷയം സംഭവിച്ചതിനാൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം ഒരു വാഹനത്തിനുമാത്രം കടന്നുപോകാവുന്ന തരത്തിലാണ് നിലവിൽ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.
ഇതോടെ കമാനം പാലംവഴിയുള്ള പ്രധാന ഗതാഗതവും ചരക്കുനീക്കവും പ്രയാസത്തിലാണ്.
പുതിയ പാലം നിർമിക്കുന്നതിന് ചെറിയ തോതിൽ സ്ഥലമേറ്റെടുപ്പ് വേണ്ടിവന്നേക്കും.
ഇതിനായി സംസ്ഥാന സർക്കാരിന്റെ സഹായവും വേണ്ടിവരും. ഡി.പി.ആറും രൂപരേഖയും തയ്യാറായാൽ വണ്ടൂർ എം.എൽ.എയും റവന്യൂവകുപ്പ് മന്ത്രിയുമായ എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ചർച്ചനടത്തി സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന പറഞ്ഞു.
മേയ് അഞ്ചിന് പഴയ മേല്പാലത്തിന്റെ അരികുഭാഗം ഇടിഞ്ഞുവീണതിനെത്തുടർന്നാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് വേറെ പാലം നിർമിക്കണമെന്ന തീരുമാനത്തിലെത്തിയത്. പുതിയ മേല്പാലം വന്നാൽമാത്രമേ നിലവിലെ പാലത്തിലെ ഗതാഗതനിയന്ത്രണത്തിനും ഭാരവാഹനങ്ങളുടെ യാത്രാപ്രശ്നങ്ങൾക്കും പരിഹാരമാകുകയുള്ളു.