നിലമ്പൂർ റെയിൽവേ പ്ലാറ്റ്‌ഫോം നീളം കൂട്ടും -ഡി.ആർ.എം.

നിലമ്പൂർ : നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ നീളംകൂട്ടുമെന്ന് റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ മധുകർ റാവുത്ത് അറിയിച്ചു.

നിലവിൽ ഇവിടത്തെ പ്ലാറ്റ്ഫോമിൽ 18 ബോഗികൾക്കു നിൽക്കാനുള്ള സൗകര്യമേയുള്ളൂ. ഇത് 24 ബോഗികളാക്കിയാണ് പ്ലാറ്റ്ഫോമിന്റെ നീളംകൂട്ടുക. നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ചരക്കുകടത്തുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്കുമായി നിലമ്പൂർ റെയിൽവേസ്റ്റേഷനിൽ എത്തിയതാണ് ഡി.ആർ.എം.

പാഴ്സൽ സർവീസ് മുടങ്ങിയിട്ട് മാസങ്ങൾ

നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ പാഴ്സൽ സർവീസ് മുടങ്ങിയിട്ട് മാസങ്ങളായി. ചരക്കുവണ്ടിയുടെ സേവനവും വർഷങ്ങളായി നിലച്ചിരിക്കുകയാണ്. പാഴ്സൽ സർവീസും ചരക്ക് സർവീസും പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടികൾ പൂർണമായിട്ടില്ല. ഈ ആവശ്യംകൂടി മുൻനിർത്തിയാണ് ഡി.ആർ.എം. മധുകർ റാവുത്ത് സ്റ്റേഷനിലെത്തിയത്.

ചരക്ക് സർവീസ് പുനരാരംഭിക്കാൻ നേരത്തേ ശ്രമം നടത്തിയിരുന്ന സിമന്റ് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ പദ്ധതിക്കായി മുന്നോട്ടുവരുന്നില്ല. ഇത് ചരക്ക് സർവീസ് പുനരാരംഭിക്കാനുള്ള നീക്കത്തിനു തിരിച്ചടിയാണ്. ആഴ്‌ചയിൽ രണ്ടുദിവസമെങ്കിലും ചരക്കുവണ്ടി സർവീസ് നടത്തിയാലേ സർവീസ് നിലനിർത്താനാകൂ. ഇതിന് സിമന്റ് ഉൾപ്പെടെയുള്ള ചരക്കുനീക്കം ആവശ്യമാണ്. വ്യാപാരികൾ മുന്നോട്ടുവന്നാൽ മാത്രമേ ചരക്കുവണ്ടി സർവീസ് പുനരാരംഭിക്കാനാകൂവെന്ന് ഡി.ആർ.എം. പറഞ്ഞു.

പാഴ്‌സൽ സർവീസിനും വ്യാപാരികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. കുറഞ്ഞ തൂക്കം സാധനങ്ങൾ മാത്രം പാഴ്‌സൽ എത്തിയാൽ സർവീസ് നിലനിർത്താനാകില്ല. കുറഞ്ഞത് പത്തുടൺ ചരക്കെങ്കിലും അയക്കാനുണ്ടെങ്കിലേ സർവീസുമായി മുന്നോട്ടുപോകാനാകൂവെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

കൂടുതൽപേർ പാഴ്‌സൽ സർവീസിന് മുന്നോട്ടുവന്നാൽ ഉടൻ പുനരാരംഭിക്കാനാകുമെന്നും ഡി.ആർ.എം. അറിയിച്ചു. മേലാറ്റൂരിലും വാണിയമ്പലത്തും പ്ലാറ്റ്‌ഫോം നീളംകൂട്ടൽ ഉടൻ പൂർത്തീകരിക്കുമെന്നും ഡി.ആർ.എം. പറഞ്ഞു.

യോഗത്തിൽ റെയിൽവേ സീനിയർ ഡിവിഷണൽ എൻജിനിയർ മുഹമ്മദ് അസ്‌ലം, സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി മാത്യു, ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ബാലമുരുകൻ, ഡിവിഷണൽ ഇലക്‌ട്രിക് എൻജിനിയർ ശൈലേന്ദ്രകുമാർ, നിലമ്പൂർ നഗരസഭാ അധ്യക്ഷ പദ്മിനി ഗോപിനാഥ്, നിലമ്പൂർ-മൈസൂരു റെയിൽവേ കർമസമിതി പ്രസിഡന്റ് ഡോ. ബിജു നൈനാൻ, ഡി.ആർ.യു.സി.സി. പ്രതിനിധികളായ ജോഷ്വാ കോശി, അനസ് യൂണിയൻ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.