സർവീസ് റോഡിൽ കയറാത്ത ബസുകൾ ജനപ്രതിനിധികൾ തടഞ്ഞു

തേഞ്ഞിപ്പലം : പാണമ്പ്രയിലെ രൂക്ഷമായ യാത്രാപ്രശ്നം പരിഹരിക്കാൻ പോലീസിൽ പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനാൽ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പരിഹാരം കണ്ടെത്തി.
അവർ ദേശീയപാതയിലൂടെ പോകുന്ന ബസുകൾ തടഞ്ഞ് സർവീസ് റോഡിലൂടെ തിരിച്ചുവിട്ടു.
തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ അസീസ് മേടപ്പലിന്റെ നേതൃത്വത്തിൽ വെയിലിനെ വകവെക്കാതെ വനിതകളടക്കമുള്ള ജനപ്രതിനിധികളാണ് ദേശീയപാതയിലിറങ്ങിയത്.
പഞ്ചായത്തിന്റെ ആസ്ഥാനമായ പാണമ്പ്രയിലൂടെ യാത്രാബസുകൾ വരാതെ ഹൈവേ വഴി പോകുന്നതിനാൽ ആളുകൾക്കുണ്ടാകുന്ന പ്രയാസം ഒരുപാട് തവണ ബസുകാരോട് പറഞ്ഞിട്ടും പോലീസിൽ പരാതിപ്പെട്ടിട്ടും പരിഹാരം കാണാതെവന്നപ്പോഴാണ് ഭരണസമിതി കൂട്ടായി വന്ന് ചേളാരി എൻട്രി വഴി ഹൈവേയിലേക്ക് പ്രവേശിക്കുന്ന ബസുകൾ തടഞ്ഞ് സർവീസ് റോഡിലൂടെ കടത്തിവിട്ടത്.
ബസ് തടയുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് ശരീഫ അസീസ്, വൈസ് പ്രസിഡന്റ് പി.വി. അൻവർ, സ്ഥിരംസമിതിയധ്യക്ഷരായ ഫിറോസ് കള്ളിയിൽ, ഷഹാന ജംഷീർ, അംബിക ഗോപാലൻ, പഞ്ചായത്ത് അംഗങ്ങളായ എ.കെ. സൈനുൽ ആബിദ്, ഹരിഹരൻ ചെമ്പ്രത്തിൽ, സുധീഷ് (കുട്ടൻ), കെ.എം. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.