റോഡിൽ സീബ്രാവരകളില്ല; എടവണ്ണയിലെ സ്കൂളുകൾക്കുമുൻപിൽ ശ്രദ്ധിച്ചുവേണം 'കടക്കാൻ'

സി.പി.എ. കവലയിലെ വരകളും മാഞ്ഞിരിക്കുന്നു
എടവണ്ണ : വിദ്യാലയങ്ങൾക്കു സമീപത്തെ പാതകളിൽ സീബ്രാവരകളില്ലാത്തതിനാൽ അപകടഭീഷണി നിലനിൽക്കുന്നു. സീതി ഹാജി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഇസ്ലാഹിയ ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ, ജാമിയ നദ്വിയ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികളാണ് ഇക്കാരണത്താൽ ഏറെ ബുദ്ധിമുട്ടുന്നത്.
കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ പാതയിൽ എടവണ്ണ സി.പി.എ. കവലയിലും ഭാരതീയ സ്റ്റേറ്റ് ബാങ്ക് പരിസരത്തുമാണ് സീതി ഹാജി ഗവ. സ്കൂളിലെ വിദ്യാർഥികൾ അധികവും പാത മുറിച്ചുകടക്കുന്നത്.
ഇവിടങ്ങളിലാണ് സീബ്രാവരകളില്ലാത്തത്. നേരത്തേ മുറവിളികൾക്കൊടുവിൽ സി.പി.എ. കവലയിൽ പൊതുമരാമത്തുവകുപ്പധികൃതർ വരകൾ പുനഃസ്ഥാപിച്ചിരുന്നു. ഇപ്പോൾ ഇത് മാഞ്ഞു. ഇവിടങ്ങളിൽ രാവിലെയും വൈകീട്ടും നിരവധിപേരാണ് റോഡ് മുറിച്ചുകടക്കുന്നത്. വേഗത്തിൽ വാഹനങ്ങൾ പോകുമ്പോൾ പ്രദേശവാസികൾക്കടക്കം വലിയ ആശങ്കയാണുണ്ടാകുന്നത്.
ഇസ്ലാഹിയ സ്കൂളിനു മുൻപിലും റോഡ് കുറുകേ കടക്കൽ മുൾമുനയിലാണ്. സ്വകാര്യവാഹനങ്ങളും കെ.എസ്.ആർ.ടി.സി. ബസുകളും ഉൾപ്പെടെയുള്ളവ ഇവിടെ മരണപ്പാച്ചിൽ നടത്തുന്നതായും പരാതികളുണ്ട്.
സ്കൂൾസമയത്ത് ഇവിടെ വിദ്യാലയാധികൃതർ റോഡ് മുറിച്ചുകടക്കാൻ സഹായമൊരുക്കിയിട്ടുണ്ട്. എന്നാൽ സീബ്രാവരകളില്ലാത്തത് സേവനം ദുഷ്കരമാക്കുകയാണെന്ന് ഇവർ പറയുന്നു.
വിദ്യാലയപരിസരങ്ങളിൽ സീബ്രാവരകളിടുന്നതിൽ അടിയന്തര നടപടികൾ വേണമെന്നും എടവണ്ണയിൽ ഗതാഗതക്രമീകരണ സമിതി യോഗംചേർന്ന് റോഡ് സുരക്ഷാ മാർഗനിർദേശങ്ങൾ നടപ്പാക്കണമെന്നുമാണ് ആവശ്യം. ഗതാഗതക്രമീകരണസമിതി യോഗം ചേർന്നിട്ട് വർഷങ്ങളായെന്നും നാട്ടുകാർ ആരോപിക്കുന്നു.