പണി തുടങ്ങിയിട്ട് അഞ്ചുവർഷം; നിർമാണം പൂർത്തിയാകാതെ വാഴയൂർ കൃഷിഭവൻ കെട്ടിടം

കെട്ടിടത്തിന്റെ തേപ്പ് ജോലികളും വയറിങ്ങും മാത്രമാണ് പൂർത്തിയായത്

വാഴയൂർ : നിർമാണം തുടങ്ങി അഞ്ചുവർഷം പിന്നിട്ടിട്ടും വാഴയൂർ കൃഷിഭവൻ കെട്ടിടം പൂർത്തിയായില്ല. വാടകക്കെട്ടിടത്തിലാണ് നിലവിൽ കൃഷിഭവൻ പ്രവർത്തിക്കുന്നത്.

വാഴയൂർ അങ്ങാടിക്ക് സമീപം മുണ്ടകാശ്ശേരി റോഡ് ജങ്ഷനിലാണ് ഇരുനിലക്കെട്ടിടം നിർമിക്കുന്നത്. 2021-ലാണ് നിർമാണം തുടങ്ങിയത്.

നേരത്തേയുണ്ടായിരുന്ന കെട്ടിടം ജീർണിച്ചതിനെത്തുടർന്നാണ് പുതിയ കെട്ടിടം ആവശ്യമായിവന്നത്. കെട്ടിടം പൊളിച്ച് മണ്ണെടുത്ത് താഴ്ത്തി റോഡ് നിരപ്പാക്കുന്നതിന് കാലതാമസം നേരിട്ടു.

2023-ന് ശേഷമാണ് നിർമാണത്തിന് വേഗതകൂടിയത്. നിലവിൽ കെട്ടിടത്തിന്റെ തേപ്പ് ജോലികളും വയറിങ്ങും പൂർത്തിയായിട്ടുണ്ട്.

ഫാബ്രിക്കേഷൻ, പ്ലംബിങ്, ജനൽ, വാതിൽ സ്ഥാപിക്കൽ, ചുറ്റുമതിൽ തുടങ്ങിയ പ്രവൃത്തികളാണ്‌ ബാക്കിയുള്ളത്. പഞ്ചായത്ത് സാമ്പത്തികവർഷത്തിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഈവർഷംതന്നെ നിർമാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

പഴയ കെട്ടിടം പൊളിച്ചതോടെ കൃഷിഭവൻ വാഴയൂർ സാംസ്കാരിക നിലയത്തിലേക്കായിരുന്നു മാറ്റിയിരുന്നത്. ഇവിടെ അസൗകര്യങ്ങളുണ്ട്. കെട്ടിടം ജീർണിച്ചതിനാൽ പഴയ കൃഷിഭവൻ കെട്ടിടത്തിന് സമീപത്തെ വ്യക്തിയുടെ വാടകകെട്ടിടത്തിലാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്.

പുതിയ കെട്ടിടത്തിൽ ഹരിത കൃഷിഭവൻ സ്ഥാപിക്കാനുള്ള ശ്രമം കൃഷിഓഫീസർ മുഹമ്മദ് മുനീർ ബിലാലിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

ജില്ലയിലെ മൈനിങ് ഫണ്ടിൽ നിന്ന് വിഹിതം ലഭിക്കുകയാണെങ്കിൽ കെട്ടിടത്തിനുമുകളിൽ ഹാൾ, സോളാർ പാനൽ തുടങ്ങിയവ സ്ഥാപിക്കാനാണ് പദ്ധതി.