മേലാറ്റൂർ വില്ലേജ് ഓഫീസ് സ്മാർട്ടാക്കൽ ഇനി വൈകില്ല

കെട്ടിടനിർമാണ ഉദ്ഘാടനം ഇന്ന്

സ്മാർട്ട് കെട്ടിടം നിർമിക്കുന്നത് അരക്കോടി രൂപാ ചെലവിൽ

മേലാറ്റൂർ : വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം നിർമിക്കുന്നു. പഴയ കെട്ടിടം പൂർണമായും പൊളിച്ചുനീക്കിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30-ന് നജീബ് കാന്തപുരം എം.എൽ.എ. നിർവഹിക്കും. മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. റംസീനാ മുജീബ് അധ്യക്ഷയാകും.

കഴിഞ്ഞ സർക്കാരിന്റ കാലത്ത് എം.എൽ.എ. ഫണ്ടിൽനിന്ന് അനുവദിച്ച അരക്കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഫണ്ട് അനുവദിച്ച് ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും പല കാരണങ്ങളാൽ നിർമാണം നീണ്ടുപോകുകയായിരുന്നു. പണി തുടങ്ങുന്നതിന്റെ മുന്നോടിയായി ഏപ്രിലിൽ പഴയ കെട്ടിടം പൂർണമായും പൊളിച്ചുനീക്കുകയും വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താത്കാ‌ലികമായി അങ്ങാടിയിലെ പഞ്ചായത്തിന്റെ കെട്ടിടസമുച്ചയത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നിട്ടും വില്ലേജ് ഓഫീസ് വളപ്പിലെ മരങ്ങൾ മുറിച്ചുനീക്കുന്നതടക്കമുള്ള പ്രവൃത്തികൾ നടക്കാത്തതിനാൽ പുതിയ കെട്ടിടത്തിന്റെ നിർമാണം വീണ്ടും നീണ്ടു. വളപ്പിലെ മരങ്ങളൊന്നും ഇപ്പോഴും മുറിച്ചുനീക്കിയിട്ടല്ല. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി റവന്യൂ ഓഫീസുകളുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നടത്തുന്നത്. ഫണ്ട് അനുവദിക്കുകയും പഴയ കെട്ടിടം പൊളിച്ചുനീക്കുകയുമുൾപ്പെടെ ചെയ്തിട്ടും പുതിയ കെട്ടിടത്തിന്റെ നിർമാണം വൈകുന്നതിനെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.