മാലിന്യം തള്ളിയവർക്കെതിരേ കർശന നടപടിക്ക് അധികൃതർ

പ്രതികളെ തിരിച്ചറിഞ്ഞു; പിഴ ചുമത്തും
പൂക്കോട്ടുംപാടം : ചുള്ളിയോട് തേൾപ്പാറ മലയോരപാതയിൽ പറമ്പ സ്കൂൾ കയറ്റത്ത് റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളിയിട്ടുണ്ട്. പഞ്ചായത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യംതള്ളിയവരെ തിരിച്ചറിഞ്ഞു. ഇവർക്കെതിരേ നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബി. ശിവദാസന്റെയും ഹരിതകർമസേന, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കടകളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടാർപോളിൻ ഷീറ്റുകൾ, വിദ്യാർഥികളുടെ പരീക്ഷാ ചോദ്യപേപ്പറുകൾ, വീട്ടുപയോഗ വസ്തുക്കൾ എന്നിവയാണ് ഇവിടെ ഉപേക്ഷിച്ചത്. പഞ്ചായത്തിലെ 22 വാർഡുകളിലായി 40 ഹരിതകർമ സേനാംഗങ്ങൾ വീടുകൾ, സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽനിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. ഇവ തരംതിരിച്ച് ഏജൻസികൾക്കും മറ്റും കൈമാറും. മികച്ച പ്രവർത്തനത്തിന് കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്റെ പുരസ്കാരം വരെ ഇവർക്ക് ലഭിച്ചിട്ടുണ്ട്. എന്നാലും ചില ഭാഗങ്ങളിൽ രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത ഇപ്പോഴും തുടരുന്നതായി അധികൃതർ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത്തരത്തിൽ മാലിന്യം തള്ളുന്ന സമൂഹവിരുദ്ധർക്കെതിരേ കർശന നിയമനടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചുവരുന്നത്. തിരിച്ചറിഞ്ഞ വ്യക്തികൾക്ക് നോട്ടീസ് നൽകുന്നതിനൊപ്പം നിയമാനുസൃതമായ പിഴയും ഈടാക്കും.
കൂടാതെ യൂസർ ഫീ നൽകാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരേയും കർശനനടപടി സ്വീകരിക്കുമെന്നും വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.