‘ഹരിതമുദ്ര’ പരിശീലന ക്യാമ്പ് സമാപിച്ചു

തിരുനാവായ : പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കളിൽനിന്ന്‌ പ്രകൃതിദത്തവും മനോഹരവുമായ കലാരൂപങ്ങൾ നിർമ്മിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കി തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ ‘ഹരിതമുദ്ര’ത്രിദിന പരിശീലനക്യാമ്പ് നടന്നു.

മാതൃഭൂമി സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ശില്പി ഷിബു വെട്ടം നേതൃത്വംനൽകി. പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ഒരുക്കിയ വ്യത്യസ്തമായ ഉദ്ഘാടനച്ചടങ്ങ് ക്യാമ്പിന്റെ പ്രധാന ആകർഷണമായി.

‘ഭൂമിയെ കാക്കാൻ കൈകോർത്ത് നിൽക്കാം, പുനരുപയോഗത്തിന്റെ പുതുപാഠം പഠിക്കാം’എന്ന സന്ദേശവുമായാണ് മൂന്നുദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക്കുകളും മറ്റ് പാഴ് വസ്തുക്കളും ശേഖരിച്ച് അവയിൽനിന്ന്‌ വൈവിധ്യമാർന്ന ശില്പങ്ങളും അലങ്കാരവസ്തുക്കളും നിർമ്മിക്കുന്നതിനുള്ള പരിശീലനമാണ് വിദ്യാർഥികൾക്ക് ലഭിച്ചത്. പ്രഥമാധ്യാപിക എം.സി. ദീപ, അധ്യാപകരായ കെ.പി. മനോജ്, കെ. കൃഷ്ണജ, എം.കെ. ബിന്ദു, ക്ലബ്ബ് കൺവീനർ കെ. ഷീജ വിദ്യാർഥികളായ ജിഷ്ണു ആദിദേവ്, അഭന്യ എന്നിവർ സംസാരിച്ചു.