ഉപയോഗശൂന്യമായി ശുകപുരം-കരിമ്പനക്കുന്ന് റോഡ്

എപ്പാൾ : രണ്ടു ഗ്രാമക്കാർക്കും എടപ്പാളിലും പരിസരത്തുമുള്ള ചെറുവാഹനക്കാർക്കും ഏറെ ഉപകാരപ്രദമാകേണ്ട ഒരു റോഡ്. രണ്ടറ്റവും മനോഹരമായി കോൺക്രീറ്റ് ചെയ്ത് ഗതാഗതം സുഗമമാണെങ്കിലും മധ്യത്തിലെ കുറച്ചുഭാഗത്തിന്റെ ദുരവസ്ഥ മൂലം ആർക്കും ഉപകാരമില്ലാതെ കിടക്കുന്നു.

ശുകപുരം ക്ഷേത്രം റോഡിൽനിന്ന് കരിമ്പനക്കുന്ന് വഴി സംസ്ഥാനപാതയിൽ ശുകപുരം ഹോസ്പിറ്റലിന് സമീപമെത്തുന്ന ശുകപുരം ഞാണത്തിൽപടി-കരിമ്പനക്കുന്ന് ഉന്നതി റോഡിനാണ് ഈ വിധി.

എടപ്പാൾ ടൗണിൽ ഗതാഗതക്കുരുക്കുള്ളപ്പോഴും ശുകപുരത്തെ ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ നടക്കുമ്പോഴുമെല്ലാം ടൗണിലെത്താതെ ചെറുവാഹനങ്ങൾക്ക് സംസ്ഥാനപാതയിൽ എളുപ്പത്തിൽ തൃശ്ശൂർ റോഡിലെത്താനുപയോഗിക്കാവുന്നതാണ് പാത. കരിമ്പനക്കുന്ന് ഉന്നതിയിലെ നിവാസികൾക്ക് പട്ടാമ്പി റോഡിലെത്താനുള്ള എളുപ്പവഴിയുമാണിത്.

വർഷങ്ങളായി ഒന്നും ചെയ്യാതെ കിടന്ന പാത രണ്ടു ഘട്ടങ്ങളിലായി കെ.ടി. ജലീൽ അനുവദിച്ച എം.എൽ.എ. ഫണ്ടുപയോഗിച്ചാണ് രണ്ടറ്റവും കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കിയത്.രണ്ടുഘട്ടമായി അദ്ദേഹം 17.5 ലക്ഷമാണ് റോഡിനായി അനുവദിച്ചത്. 10 ലക്ഷം കൂടിയുണ്ടായാൽ റോഡ് പൂർണമായും നന്നാക്കാമെന്നാണ് കരാറുകാർ പറയുന്നത്.

രണ്ടിനുമിടയിൽ 200 മീറ്ററോളം ഭാഗമാണ് കാൽനടയാത്രപോലും പറ്റാത്തവിധം ഇപ്പോൾ കാടുകയറി കിടക്കുന്നത്.

വലിയ തുകയൊന്നുമില്ലാതെ ഈ ഭാഗം കോൺക്രീറ്റ് ചെയ്യാനാവുമെങ്കിലും തദ്ദേശസ്ഥാപനങ്ങളൊന്നും ഇക്കാര്യം വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ല. ചെറുവാഹനങ്ങൾക്ക് സുഗമമായി പോകാനാകുമെന്നതിനാൽ സംസ്ഥാനപാതയിലെ തിരക്ക്‌ കുറയ്ക്കാനും അപകടങ്ങൾ കുറയ്ക്കാനുമെല്ലാം പാത നന്നാക്കിയാൽ സാധിക്കും.

റോഡ് നന്നാക്കാൻ നടപടിയെടുക്കണം.

:നിരവധി നിർധനരടക്കമുള്ളവർക്ക് ഏറെ ഉപകാരപ്രദമായ റോഡ് കുറെ കാലമായി വളരെ ശോചനീയാവസ്ഥയിലാണ്. രണ്ടറ്റവും നല്ല റോഡാണെങ്കിലും മധ്യഭാഗത്തിന്റെ അവസ്ഥമൂലം ആർക്കും ഉപകരിക്കാനാവാത്ത അവസ്ഥയ്ക്ക് പഞ്ചായത്തോ എം.എൽ.എ.യോ ഇടപെട്ട് ഉടൻ പരിഹാരം കാണണം.

മോഹൻദാസ് ഞാണത്തിൽ, ശുകപുരം

പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്

:ശുകപുരം-കരിമ്പനക്കുന്ന് റോഡിന്റെ അവശേഷിക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്യുന്ന കാര്യം പഞ്ചായത്ത് ഭരണസമിതിയുടെ പരിഗണനയിലുണ്ട്.

എൻ. ചന്ദ്രബോസ്, ഗ്രാമപ്പഞ്ചായത്തംഗം(വാർഡംഗം) വട്ടംകുളം