കേരളപ്പിറവിദിനത്തിലും 'പിറക്കില്ല' എടപ്പാൾ പോലീസ് സ്റ്റേഷൻ

വൈകുന്നതിനു കാരണം സാങ്കേതികതടസ്സം

എടപ്പാൾ : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യത്തോടടുത്ത എടപ്പാൾ പോലീസ് സ്റ്റേഷൻ നവംബർ ഒന്നിനും തുറക്കില്ല.

നേരത്തേ നവംബർ ഒന്നിന് ​േസ്റ്റഷൻ തുറക്കുമെന്ന് വി.എസ്. ജോയ് എം.എൽ.എ. അടക്കമുള്ളവർ പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തിൽ ഇതുവരെ വലിയ പുരോഗതിയുണ്ടായിട്ടില്ല.

ബജറ്റിൽ പ്രഖ്യാപനംവന്നെങ്കിലും തുടർന്നുനടക്കേണ്ട സാങ്കേതികനടപടികളിലുണ്ടായ കാലതാമസമാണ് ജനങ്ങളിൽ നിരാശയ്ക്കു വഴിയൊരുക്കുന്നത്.

എടപ്പാൾ പഞ്ചായത്തിലെ തട്ടാൻപടിയിൽ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം കണ്ടെത്തിയത് വകുപ്പുതലത്തിൽ അംഗീകരിച്ചിരുന്നു.

അതിന്റെ നവീകരണപ്രവർത്തനങ്ങൾ നടന്നുവരുന്നുമുണ്ട്. എങ്കിലും സ്റ്റാഫ് പാറ്റേൺ അംഗീകരിച്ച് നോട്ടിഫിക്കേഷൻ ഇറങ്ങാത്തതാണ് നിലവിൽ കാര്യങ്ങൾ വൈകിപ്പിക്കുന്നതെന്നാണ് സൂചന.

നേരത്തേ പഞ്ചായത്തിനു കീഴിലുള്ള എം.സി.എഫ്. കെട്ടിടമാണ് ഇതിനായി കണ്ടെത്തിയത്. ശുചിത്വമിഷൻ ഫണ്ടുപയോഗിച്ച് നിർമിച്ചതായതിനാൽ ഇത് വിട്ടുനൽകുന്നതിലുള്ള സാങ്കേതികതടസ്സംമൂലമാണ് പുതിയ കെട്ടിടം കണ്ടെത്തിയത്.

കെട്ടിടത്തിന്റെ പെയിന്റിങ് ജോലികൾ നടക്കുന്നുണ്ടെങ്കിലും ഉള്ളിലുള്ള ജോലികൾക്ക് തുടക്കമായിട്ടില്ല. ലോക്കപ്പും എസ്.ഐ.യുടെ മുറിയടക്കമുള്ള സൗകര്യങ്ങളും ഒരുക്കുന്ന കാര്യത്തിലും ഇനിയും തീരുമാനമായിട്ടില്ല.

ഇത്തരം കാര്യങ്ങൾ കൈകാര്യംചെയ്യാൻ ഒരുദ്യോഗസ്ഥന് ചുമതല കൊടുക്കേണ്ടതുണ്ട്. ഇതിനും നോട്ടിഫിക്കേഷൻ വരണം.

എടപ്പാൾ-പൊന്നാനി റോഡരികിൽ തട്ടാൻപടിയിലാണ് പുതിയ കെട്ടിടം കണ്ടെത്തിയിട്ടുള്ളത്.

2100 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്‌ 80,000 രൂപയോളമാണ്‌ വാടക നിശ്ചയിച്ചിട്ടുള്ളത്.

കെട്ടിടത്തിനു മുൻപിലും തൊട്ടടുത്തുമെല്ലാം പാർക്കിങിന് സൗകര്യമുള്ളതിനാൽ നേരത്തേ കണ്ടെത്തിയ കെട്ടിടത്തേക്കാൾ സൗകര്യപ്രദമാണ് ഇവിടെ. ഗതാഗതസൗകര്യവും കൂടുതലാണ്.

തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള കാര്യങ്ങൾ കൈകാര്യംചെയ്യുന്നത്.

പുതുവർഷത്തിലെങ്കിലും യാഥാർഥ്യമാക്കണം

ബജറ്റ് പ്രഖ്യാപനം വന്ന് മാസങ്ങൾ പിന്നിട്ടിട്ടും യാഥാർഥ്യമാകാത്ത സ്റ്റേഷൻ പുതുവർഷത്തിലെങ്കിലും തുറക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

ചങ്ങരംകുളം, പൊന്നാനി പോലീസ് സ്റ്റേഷൻ പരിധികളിലായാണ് എടപ്പാളും പരിസരപ്രദേശങ്ങളും കാലങ്ങളായി സ്ഥിതിചെയ്യുന്നത്. എടപ്പാൾ ടൗണിലും പരിസരങ്ങളിലും നിരന്തരമുണ്ടാകുന്ന അപകടങ്ങൾ, ക്രമസമാധാനപ്രശ്‌നങ്ങൾ, ഗതാഗതക്കുരുക്കുകൾ എന്നിവയെല്ലാം പരിഹരിക്കാൻ ഏഴുകിലോമീറ്റർ ദൂരെയുള്ള ചങ്ങരംകുളം സ്റ്റേഷനിൽനിന്നുവേണം പോലീസെത്താൻ. എടപ്പാളിനടുത്തുള്ള മാണൂർ, ചേകന്നൂർ തുടങ്ങിയ പ്രദേശങ്ങൾ പൊന്നാനി സ്റ്റേഷൻ പരിധിയിലാണ്.

എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ പൂർണമായും പൊന്നാനി, കുറ്റിപ്പുറം സ്റ്റേഷനുകൾക്കു കീഴിലുള്ള കാലടി പഞ്ചായത്തിന്റെ കുറച്ചു ഭാഗങ്ങളുമാണ് തിരൂർ സബ് ഡിവിഷനു കീഴിൽ വളാഞ്ചേരി സർക്കിൾ പരിധിയിലായി വരുന്ന പുതിയ സ്റ്റേഷന്റെ ചുമതലയിലുണ്ടാകുകയെന്നാണ് സൂചന.

നിർദേശത്തിൽ 45 പേർ; അംഗീകാരമായില്ല

ഒരു ഇൻസ്‌പെക്ടർ, ഒരു എസ്.ഐ., മൂന്ന് എ.എസ്.ഐ., ഏഴ് എസ്.സി.പി.ഒ., 27 സി.പി.ഒ., അഞ്ച് വനിതാ സി.പി.ഒ., ഒരു ഡ്രൈവർ എന്നിങ്ങനെ 45 ജീവനക്കാരെ നിയമിക്കണമെന്ന ​െപ്രാപ്പോസലാണ് സർക്കാരിനു നൽകിയിട്ടുള്ളത്. എന്നാൽ ഇതുവരെ ഇതിന് അംഗീകാരം ലഭിച്ചിട്ടില്ല.