ഉയരം കൂടിയ കെട്ടിടവും മതിലും: പതിനൊന്ന് ജീവനുകൾ ഭീഷണിയിൽ

തുവ്വൂരിൽ രണ്ട് വീടുകൾക്ക് ഭീഷണിയായി അശാസ്ത്രീയമായി
നിർമിച്ച കൂറ്റൻ മതിൽ
തുവ്വൂരിൽ രണ്ട് വീടുകൾക്ക് ഭീഷണിയായി അശാസ്ത്രീയമായി നിർമിച്ച കൂറ്റൻ മതിൽ

തുവ്വൂർ: മഴ കനക്കുമ്പോൾ ഏതുനിമിഷവും സമീപത്തെ കെട്ടിടവും ചുറ്റുമതിലും വീടുകൾക്കു മുകളിലേക്ക് പതിക്കുമെന്ന ഭീതിയിലാണ് തുവ്വൂർ പഴയ സിനിമാഹാളിന് സമീപത്തെ രണ്ട് കുടുംബങ്ങൾ. മാതോത്ത് അനൂപിന്റെ വീടിനും സമീപത്തെ മറ്റൊരു വീടിനും ഭീഷണിയുയർത്തുന്ന കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം പലതവണ അധികൃതരുടെ മുന്നിലെത്തിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. രണ്ട് കുടുംബങ്ങളിലെ പതിനൊന്ന് പേരുടെ ജീവനാണ് അപകടഭീഷണിയിലുള്ളത്.

കെട്ടിടവും ചുറ്റുമതിലും സമീപത്തെ രണ്ട് വീടുകൾക്ക് ഭീഷണിയാണെന്ന് വില്ലേജ് അധികൃതരും കരുവാരക്കുണ്ട് പോലീസും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

എന്നിട്ടും തുടർ നടപടികളുണ്ടായില്ലെന്നാണ് അനൂപിന്റെ പരാതി. ഗ്രാമപ്പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നിരവധി തവണ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. താലൂക്ക് അധികൃതരെ സമീപിച്ചപ്പോൾ കോടതിയെ സമീപിക്കാനാണ് നിർദേശിച്ചതെന്നും തഹസിൽദാർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് അപകടാവസ്ഥ നേരിട്ട് പരിശോധിക്കുകയോ പരാതി പരിഹരിക്കാൻ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും അനൂപ് പറയുന്നു.

വിഷയത്തിൽ തുവ്വൂർ വില്ലേജിലും നിലമ്പൂർ താലൂക്കിലും ഓരോ യോഗവും തുവ്വൂർ ഗ്രാമപ്പഞ്ചായത്തിൽ രണ്ടുതവണ യോഗവും ചേർന്നെങ്കിലും തീരുമാനത്തിലെത്താനായില്ല.

ഏറ്റവും ഒടുവിൽ 24-ന് ജോയിന്റ് ഡയറക്ടർ ഓഫീസിന്റെ നിർദേശ പ്രകാരം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗവും സമവായമില്ലാതെ പിരിഞ്ഞു.

യോഗത്തിൽ വീടിനോടുചേർന്നുള്ള ആദ്യം നാലുമീറ്റർ കോൺക്രീറ്റ് ഭിത്തി നിർമിക്കാമെന്നും പിന്നീട് എട്ട് മീറ്റർവരെ നിർമിക്കാമെന്നും കെട്ടിടമുടമ അറിയിച്ചതായി അനൂപ് പറയുന്നു.

എന്നാൽ, 16 മീറ്ററെങ്കിലും കോൺക്രീറ്റ് ചെയ്ത് അപകട ഭീഷണി ഒഴിവാക്കണമെന്ന പരാതിക്കാരന്റെ ആവശ്യം തള്ളി.

അനൂപിന്റെ വീടും സമീപത്തെ കെട്ടിടവുംതമ്മിൽ ഒന്നരമീറ്റർ മാത്രമാണ് അകലം. മറ്റൊരു ഭിത്തി നിർമിക്കാൻ സ്ഥലം വിട്ടുനൽകണമെങ്കിൽ സ്വന്തം വീടിന്റെ പകുതിഭാഗം പൊളിക്കേണ്ടിവരുമെന്നും ഇത് പ്രായോഗികമല്ലെന്നും അനൂപ് പറയുന്നു.

പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറും കെട്ടിടം കോൺക്രീറ്റ് ചെയ്ത് ഭിത്തി ബലപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ നിർദേശം നടപ്പായിട്ടില്ല. കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിച്ച് വീടുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

Content Highlights: Two families in Thuvvur face danger from an adjacent building and wall as official meetings fail to reach a solution.