ബഷീര്‍ കൃതികളിലെ കഥാപാത്രങ്ങള്‍ ഒരിക്കല്‍കൂടി വൈലാലിലെത്തി; 'ആകാശമിഠായി' ഉടന്‍ സഫലമാകുമെന്ന് മന്ത്രി

#സ്വന്തം ലേഖിക
ബഷീർ അനുസ്മരണ ചടങ്ങിൽ  മാതൃഭൂമി പത്രാധിപര്‍ മനോജ് കെ. ദാസ്, മേയര്‍ ബീനാഫിലിപ്പ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ
ബഷീർ അനുസ്മരണ ചടങ്ങിൽ മാതൃഭൂമി പത്രാധിപര്‍ മനോജ് കെ. ദാസ്, മേയര്‍ ബീനാഫിലിപ്പ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ

കോഴിക്കോട്: പാത്തുമ്മയും ആടും എട്ടുകാലി മമ്മൂഞ്ഞും ഒറ്റക്കണ്ണന്‍ പോക്കറും തുടങ്ങി ബഷീര്‍ കൃതികളിലെ കഥാപാത്രങ്ങള്‍ ഒരിക്കല്‍ കൂടി വൈലാലിലെ വീട്ടിലെത്തി. പ്രിയ എഴുത്തുകാരന്റെ ഓര്‍മകള്‍ തേടി. സ്‌കൂള്‍ വിദ്യാര്‍ഥികളും ബഷീര്‍ കൃതികളുടെ ആരാധകരും എത്തിയതോടെ അതിരാവിലെ തന്നെ വൈലാല്‍ വീടിന്റെ മുറ്റം നിറഞ്ഞു. 

മനുഷ്യനും മൃഗങ്ങളും സകലജീവജാലങ്ങളും ചേര്‍ന്ന ജൈവസമുദായവും ലോകവുമാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് ബഷീര്‍ ദിനം ഉദ്ഘാടനം ചെയ്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജനുവരി 21-ന് ബഷീര്‍ സ്മരണ വന്‍ ഉത്സവമാക്കി മാറ്റും. അതിന്റെ സിരാകേന്ദ്രമായി മാറാന്‍ പോവുന്നത് ബി.സി. റോഡില്‍ പൂര്‍ത്തിയായി വരുന്ന ബഷീര്‍ സ്മാരകമായ ആകാശമിഠായി ആയിരിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
 
കുട്ടികള്‍ ബഷീറിന്റെ പുസ്തകങ്ങള്‍ വായിക്കണമെന്നും അതിലെ ഇതിവൃത്തങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മേയര്‍ ബീനാഫിലിപ്പ് പറഞ്ഞു. സാഹിത്യകാരന്‍ പി.കെ. പാറക്കടവ് ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തി. കോഴിക്കോട് സാഹിത്യ നഗരമായി മാറിയതില്‍ ബഷീറിനെപ്പോലെയുള്ള എഴുത്തുകാരുടെ സംഭാവനയുണ്ടെന്ന് പാറക്കടവ് പറഞ്ഞു. കുട്ടികള്‍ക്ക് അനുഭവജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണമെന്ന് ചടങ്ങില്‍ സംസാരിച്ച മാതൃഭൂമി പത്രാധിപര്‍ മനോജ് കെ. ദാസ് പറഞ്ഞു. 

ഡിസി ബുക്ക്‌സ് സിഇഒ ഡിസി രവി, കവി കാനേഷ് പൂനൂര്‍, അനീസ് ബഷീര്‍, ബാബു ജിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബഷീര്‍ കറുപ്പിലും വെളുപ്പിലും ഫോട്ടോ പ്രദര്‍ശനം, ഭിന്നശേഷി കുട്ടികളുടെ പരിപാടി, മാന്ത്രികന്‍ പ്രദീപ് ഹുഡിനോയുടെ തലയോലപ്പറമ്പിലെ മാന്ത്രിക തെരുവ് എന്നീ പരിപാടികളും അരങ്ങേറി.

Content Highlights: Vaikkom muhammed basheer death anniversary celebration