എല്ലാവരെയും ഒരുമിപ്പിക്കാന്‍ ആകുമ്പോഴേ ലോകം സുന്ദരമാകുകയുള്ളൂ -മധുസൂദനന്‍ നായര്‍

വി. മധുസൂദനന്‍ നായര്‍ | ഫോട്ടോ: ശ്രീകേഷ് എസ്.
വി. മധുസൂദനന്‍ നായര്‍ | ഫോട്ടോ: ശ്രീകേഷ് എസ്.

കൊല്ലം: ഒരു ഭേദവുമില്ലാതെ എല്ലാ മനുഷ്യരെയും ഒരുമിപ്പിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ലോകം സുന്ദരമാകുകയുള്ളൂവെന്ന് കവി വി. മധുസൂദനന്‍ നായര്‍. മാതാ അമൃതാനന്ദമയിയില്‍നിന്ന് അമൃതകീര്‍ത്തി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യര്‍ തമ്മിലുണ്ടാകേണ്ട സ്‌നേഹത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ കവി പലവട്ടം വിതുമ്പി.

എന്റെ കണ്ണില്‍ സ്‌നേഹമാണെങ്കില്‍ എനിക്കു ചുറ്റുമുള്ളതെല്ലാം മധുമയമായിരിക്കും. എന്റെ കണ്ണില്‍ കാലുഷ്യമാണെങ്കില്‍ ലോകം എനിക്ക് വിഷമയമായിരിക്കും.

മന്ദമായ കാറ്റിളകുമ്പോള്‍ ഏറ്റവും ചെറിയ തുമ്പയും ഏറ്റവും വലിയ കരിമ്പനയും മുക്കുറ്റിയും വാഴയും മറ്റു സസ്യലതാദികളും എല്ലാം ഒരുമിച്ച് ആടുന്നതും അതിന് പുഴകളും കായലും താളമിടുന്നതും ഞാന്‍ കണ്ടുനിന്നിട്ടുണ്ട്. 

അമൃതകീര്‍ത്തി പുരസ്‌കാരം മാതാ അമൃതാനന്ദമയി കവി പ്രൊഫ. മധുസൂദനന്‍ നായര്‍ക്ക് നല്‍കുന്നു.

സ്‌നേഹത്തിന്റെ സംഗീതത്തില്‍ പ്രപഞ്ചം ലയിക്കുമെങ്കില്‍ നമുക്ക് യുദ്ധങ്ങള്‍ ഉണ്ടാകില്ല. കലാപങ്ങളുണ്ടാകില്ല. അടിപിടികള്‍ ഉണ്ടാകില്ല-അദ്ദേഹം പറഞ്ഞു.

Content Highlights: V. Madhusoodanan Nair bags Amritakeerthy award