70 വര്‍ഷം മുന്‍പ് രചിക്കപ്പെട്ട നോവല്‍; വടകരയുടെ ഹൃദയത്തില്‍ അരങ്ങേറി 'ഉമ്മാച്ചു'

ഉമ്മാച്ചു നാടകത്തിലെ രംഗം
ഉമ്മാച്ചു നാടകത്തിലെ രംഗം

വടകര: വടകരയുടെ സാംസ്‌കാരിക ഹൃദയം കെ.പി.എ.സി.ക്കായി വാതില്‍ തുറന്നിട്ട ദിനമായിരുന്നു ചൊവ്വാഴ്ച. രാവിലെമുതല്‍ രാത്രിവരെ കെ.പി.എ.സി.യുടെ പ്ലാറ്റിനം ജൂബിലി-തോപ്പില്‍ഭാസി ജന്മശതാബ്ദി പരിപാടികളിലേക്ക് ജനമൊഴുകി. കെ.പി.എ.സി.യുടെ പഴയകാല നാടകങ്ങളും തോപ്പില്‍ ഭാസിയുടെ ഐതിഹാസിക ജീവിതവുമെല്ലാം ഒരിക്കല്‍കൂടി ഇതള്‍വിരിഞ്ഞു.

ഒടുവില്‍ രാത്രി 7.45-ഓടെ അവരുടെ ഹൃദയംനിറച്ച് കെ.പി.എ.സി.യുടെ പുതിയ നാടകം 'ഉമ്മാച്ചു' അരങ്ങേറി. ഉമ്മാച്ചുവും മായനും ബീരാനുമെല്ലാം കാലമേറെക്കടന്നും ആസ്വാദകരെ പൊള്ളിച്ചു. 70 വര്‍ഷം മുന്‍പ് രചിക്കപ്പെട്ട നോവലാണെങ്കിലും കാലികപ്രസക്തമായ വിധത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ഉമ്മാച്ചുവിനെ അരങ്ങിലെത്തിച്ചത്.

ഒരുദിവസംനീളുന്ന പരിപാടികളാണ് ഉമ്മാച്ചുവിന്റെ ആദ്യ അവതരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്. രാവിലെ കെ.പി.എ.സി.യുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള സെമിനാറോടെയായിരുന്നു തുടക്കം. അപ്പോള്‍ നിറഞ്ഞ സദസ്സ് ഒഴിഞ്ഞത് രാത്രിയില്‍ നാടകത്തിന് തിരശ്ശീലവീണ ശേഷമാണ്.

വടകരയുടെ ഉയര്‍ന്ന സാംസ്‌കാരിക ബോധത്തിന്റെ തെളിവാണ് ഇതെന്ന് നാടക ഉദ്ഘാടനച്ചടങ്ങില്‍ ബിനോയ് വിശ്വം പറഞ്ഞു. വൈകീട്ട് നാടകത്തിന്റെ ഉദ്ഘാടനച്ചടങ്ങാകുമ്പോഴേക്കും ടൗണ്‍ഹാള്‍ ഏതാണ്ട് നിറഞ്ഞിരുന്നു. 

ബാല്‍ക്കണിയില്‍വരെ ജനം നിറഞ്ഞു. ഇതോടെ ടൗണ്‍ഹാളിനുപുറത്ത് എല്‍.ഇ.ഡി. സ്‌ക്രീന്‍വെച്ച് നാടകം കാണാന്‍ സൗകര്യമൊരുക്കി. ഇവിടെയും വന്‍ജനാവലി. പുറത്ത് മഴപെയ്‌തെങ്കിലും വടകരയുടെ നാടക ആവേശത്തെ നനയിക്കാന്‍ ഇതിനൊന്നുമായില്ല. വടകരക്കാരനായ മനോജ് നാരായണന്‍ സംവിധാനം നിര്‍വഹിച്ച നാടകമാണ് ഉമ്മാച്ചു. 

ഉറൂബ്‌

നാടകാവിഷ്‌കാരം നല്‍കിയത് വടകരയില്‍ താമസിക്കുന്ന സുരേഷ് ബാബു ശ്രീസ്ഥ. മറ്റൊരു വടകരക്കാരന്‍ ഷിനില്‍ വടകരയാണ് നാടകത്തില്‍ ബീരാന്റെ വേഷമിട്ടത്. ഇതെല്ലാം വടകരക്കാര്‍ക്ക് ആവേശംപകരുന്നതായി. നാടകം കാണാന്‍ കെ.പി.എ.സി.യുടെ പ്രധാനഭാരവാഹികള്‍ക്കുപുറമേ തോപ്പില്‍ ഭാസിയുടെ മക്കളായ മാല തോപ്പില്‍, സുരേഷ് തോപ്പില്‍ എന്നിവര്‍ എത്തിയിരുന്നു. ഉറൂബിന്റെ കുടുംബാംഗങ്ങളും നാടകം കാണാനെത്തി.

വടകരയുടെ നാടകപാരമ്പര്യത്തിന് ആദരം...

കെ.പി.എ.സി. പ്ലാറ്റിനം ജൂബിലി ആഘോഷവേളയില്‍ വടകരയിലെ പഴയകാല നാടകപ്രവര്‍ത്തകര്‍ക്ക് കെ.പി.എ.സി.യുടെ ആദരം. 33 നാടകപ്രവര്‍ത്തകരെയാണ് ആദരിച്ചത്. ചടങ്ങ് ഗായകന്‍ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. തോപ്പില്‍ ഭാസിയുടെ മകള്‍ മാല തോപ്പില്‍ മുഖ്യാതിഥിയായി. ടി.കെ. വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു.

തയ്യുള്ളതില്‍ രാജന്‍, ഇ.വി. വത്സന്‍, ഗിരിജ കായലാട്ട്, അജിതാ നമ്പ്യാര്‍, സി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.എ.സി.യുടെ നാടകഗാനങ്ങള്‍ കോര്‍ത്തിണക്കി ശ്രുതിസാഗര്‍ എന്ന ഗാനപരിപാടിയും അരങ്ങേറി. ചടങ്ങില്‍ പി.കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. ഡോ. ശശികുമാര്‍ പുറമേരി, ടി.പി. റഷീദ് എന്നിവര്‍ സംസാരിച്ചു.

Content Highlights: Ummachu novel adaptation played at Vadakara