എം.ടി.യുടെ ഓര്‍മ്മകളില്‍ തുഞ്ചന്‍ ഉത്സവത്തിന് തിരിതെളിഞ്ഞു

തിരൂര്‍: എം.ടി. വാസുദേവന്‍ നായരുടെ ഓര്‍മ്മകളുമായി ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവത്തിന് തുഞ്ചന്‍പറമ്പില്‍ തിരിതെളിഞ്ഞു. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് മുന്‍ ചെയര്‍മാനായിരുന്ന എം.ടി. വിട പറഞ്ഞശേഷമുള്ള ആദ്യ തുഞ്ചന്‍ ഉത്സവം അദ്ദേഹത്തിനുള്ള ആദരമായാണ് നടക്കുന്നത്.
അഞ്ചുദിവസത്തെ തുഞ്ചന്‍ ഉത്സവം പ്രമുഖ തമിഴ് നോവലിസ്റ്റും കഥാകാരിയുമായ ശിവശങ്കരി ഉദ്ഘാടനംചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷത വഹിച്ചു. പുസ്തകോത്സവം എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യും ഫോട്ടോ-ചിത്രപ്രദര്‍ശനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ.യും ഉദ്ഘാടനംചെയ്തു.
ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാര്‍ എം.എല്‍.എ., ഡോ. കെ. ശ്രീകുമാര്‍, കെ.എസ്. വെങ്കിടാചലം, പി.പി. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി. നാരായണന്‍ തുഞ്ചന്‍സ്മാരക പ്രഭാഷണം നടത്തി. കെ. ശ്യാമ കാവ്യമാലപിച്ചു. രാവിലെ ജി.കെ. റാം മോഹന്‍ തുഞ്ചന്‍കൃതികള്‍ പാരായണം ചെയ്തതോടെ പരിപാടികള്‍ക്കു തുടക്കമായി.
കോളേജ് വിദ്യാര്‍ഥികള്‍ക്കായി ദ്രുതകവിതാമത്സരമുണ്ടായി. കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ക്വിസ് മത്സരത്തില്‍ ഡോ. കെ. ശ്രീകുമാര്‍ ക്വിസ് മാസ്റ്ററായി. ആകാശവാണി കോഴിക്കോട് നിലയം കവിയരങ്ങ് സംഘടിപ്പിച്ചു.
വൈകീട്ട് തുഞ്ചന്‍ കലോത്സവം ചലച്ചിത്രനടന്‍ വിനീത് ഉദ്ഘാടനംചെയ്തു. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടിവരികയാണെന്നും ഇതിന് തടയിടാന്‍ ചെറുപ്പം മുതലേ കുട്ടികളെ മാതാപിതാക്കള്‍ കലകള്‍ അഭ്യസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍, യു.എ. മജീദ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളിന്റെ നേതൃത്വത്തില്‍ എം.ടി. കൃതികളുടെ നൃത്താവിഷ്‌കാരമുണ്ടായി. വിനീത് സൗഷ്ഠവയാണ് നൃത്താവിഷ്‌കാരം നടത്തിയത്. കോഴിക്കോട് ദ്രുതിയുടെ നേതൃത്വത്തില്‍ ഗായത്രി മധുസൂദനും സംഘവുംചേര്‍ന്ന് 'യമം കാമനകളുടെ യമനം' എന്ന മോഹിനിയാട്ട നൃത്തശില്പം അവതരിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തിന് 'കേരളീയാധുനികത' എന്ന വിഷയത്തില്‍ സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തും. തുടര്‍ന്ന് 'എം.ടി.യുടെ നിലപാടുതറ' എന്ന വിഷയത്തിലുള്ള സെമിനാര്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനംചെയ്യും. സച്ചിദാനന്ദന്‍, സാറാ ജോസഫ്, എന്‍. ജയരാജ്, എം.വി. നികേഷ് കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
എം.എം. ബഷീര്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് 'തുഞ്ചന്‍ പറമ്പിന്റെ എം.ടി.' എന്ന വിഷയത്തില്‍ എം.എം. നാരായണന്‍, ഡോ. കെ. ജയകുമാര്‍, പി.കെ. ഗോപി, ഡോ. എല്‍. സുഷമ എന്നിവര്‍ പ്രഭാഷണം നടത്തും.
ഡോ. അനില്‍ വള്ളത്തോള്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ 'നഖക്ഷതങ്ങള്‍' സിനിമ പ്രദര്‍ശിപ്പിക്കും. രാത്രി ഏഴരയ്ക്ക് നിമിഷ സലീം ഗസല്‍ സന്ധ്യയവതരിപ്പിക്കും.
തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് മാതൃഭൂമി ഉള്‍പ്പെടെ പ്രസാധകരുടെ പുസ്തകസ്റ്റാളുകള്‍ സജീവമായിട്ടുണ്ട്.
Content Highlights: Thunchan ulsavam 2025