'അദ്ദേഹത്തിന് മലയാളമെന്നാല് ജീവനായിരുന്നു'; കവി ബിപുല്‍ റെയ്ഗണിന്റെ ഓര്‍മകളില്‍ മലയാള സര്‍വകലാശാല

തിരൂര്‍: മലയാളത്തില്‍ കവിതയെഴുതിയ അസാമീസ് എഴുത്തുകാരനായ ബിപുല്‍ റെയ്ഗണിന്റെ വിയോഗം മലയാളക്കരയ്ക്ക് തീരാനഷ്ടമാകുമ്പോള് മലയാള സര്‍വകലാശാല ഭാഷാശാസ്ത്ര സ്കൂള്‍ ഡയറക്ടറും ബിപുലിന്റെ മലയാള അധ്യാപികയുമായ ഡോ. സ്മിത കെ. നായര്‍ക്ക് ദുഃഖം സഹിക്കാനാകാതെ പറയാനേറെയുണ്ട്. ബിപുല്‍ റെയ്ഗണിന് മലയാളമെന്നാല് ജീവനായിരുന്നു.
മലയാളത്തിലെ എഴുത്തുകാരെയും അവരുടെ രചനകളെയും അദ്ദേഹം കടലോളം സ്നേഹിച്ചു. മലയാളികളേക്കാള്‍ അക്ഷരശുദ്ധിയോടെ മലയാളത്തില്‍ അദ്ദേഹം വടിവൊത്ത കൈപ്പടയില്‍ കവിതകളെഴുതി -ഡോ. സ്മിത കെ. നായര്‍ പറഞ്ഞു.
അമ്പതിലധികം കവിതകള്‍ ബിപുല്‍ മലയാളത്തില്‍ എഴുതിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മൈസൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് ഒരു വര്‍ഷക്കാലം ബിപുല്‍ ഡോ. സ്മിതയുടെ ശിഷ്യനായത്.
2009-ല്‍ ബിപുല്‍ 15 ദിവസം കേരള സന്ദര്‍ശനത്തിനെത്തി. കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും സന്ദര്‍ശനം നടത്തിയ ബിപുല്‍ മലയാള സര്‍വകലാശാലയും സന്ദര്‍ശിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് തിരൂര്‍ പച്ചാട്ടിരി ഗ്രാമ ബന്ധുവായനശാല സംഘടിപ്പിച്ച ഓണ്‍ലൈന്‍ കവി സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ബിപുല്‍ ജനിച്ചുവളര്‍ന്നത് അസമിലെ മാജുളി ഗ്രാമത്തിലാണ്. എന്നാല്‍ മലയാളത്തോട് അദ്ദേഹത്തിന് പ്രേമമായിരുന്നു. മലയാളിയെ എവിടെ കണ്ടാലും സൗഹൃദം കൂടും. എവിടെയെങ്കിലും മലയാളിയെ കണ്ടുമുട്ടിയാല്‍ മലയാളി ഗുരുവായ ഡോ. സ്മിതയെ വിളിച്ച് സന്തോഷം പങ്കിടുമായിരുന്നു.
നല്ലൊരുനര്ത്തകന് കൂടിയായിരുന്ന ബിപുല്‍ മലയാള സര്‍വകലാശാലയില്‍ ഗവേഷണം നടത്തണമെന്ന് സ്മിതയോടു പറഞ്ഞിരുന്നു. മലയാളത്തില്‍ ആദ്യത്തെ കവിതാസമാഹാരം പുറത്തിറക്കാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് ബിപുല്‍ രോഗബാധിതനാകുന്നതും മരണത്തിന് കീഴടങ്ങുന്നതും.
Content Highlights: Memories of Bipul Regan Assamese poet