വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ പ്രതിഷേധം; ഒരു കോടി രൂപയുടെ ബദൽ പുരസ്കാരം പ്രഖ്യാപിച്ച് ജയമോഹൻ

ന്യൂഡൽഹി: ലൈംഗികാരോപണങ്ങൾ നേരിടുന്ന തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിൽ പ്രതിഷേധിച്ച് ഒരുകോടി രൂപയുടെ പുതിയ സാഹിത്യ പുരസ്കാരവുമായി തമിഴ്നാട്ടിലെ നവ എഴുത്തുകാർ. ലിവിങ് തമിഴ് അവാർഡ് എന്ന പേരിൽ ലോക സാഹിത്യത്തിലെ മികച്ച കൃതിക്ക് പുരസ്കാരം നൽകുമെന്ന് എഴുത്തുകാരൻ ജയമോഹൻ ഡൽഹിയിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പുരസ്കാര നിർണയത്തിനായി രണ്ടുമാസത്തിനുള്ളിൽ ട്രസ്റ്റ് രൂപവൽക്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഭാഷകളിൽ നിന്നുള്ള കൃതികളെ തിരഞ്ഞെടുക്കും. ഇന്ത്യൻ ഭാഷകൾക്ക് സ്വാഭാവികമായ പരിഗണന നൽകിക്കൊണ്ടായിരിക്കുമിത്. സുതാര്യമായ രീതിയിലാകും ഇതുനടത്തുക. തിരഞ്ഞെടുക്കുന്ന കൃതികളുടെ ആദ്യപട്ടികയും പിന്നീട് ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പുരസ്കാരം പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നത്. ബാക്കി നടപടിക്രമങ്ങൾ പിന്നീട് തീരുമാനിക്കുമന്നും അദ്ദേഹം വ്യക്തമാക്കി. തമിഴിലെ യഥാർത്ഥ സാഹിത്യ ശ്രേണിയെ അവഗണിച്ച്, ഗാനരചയിതാവായ വൈരമുത്തുവിന് പുരസ്കാരം നൽകിയതോടെ ജ്ഞാനപീഠത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ജയമോഹൻ ആരോപിച്ചു. തമിഴ് സാഹിത്യത്തിന്റെ വ്യാപ്തിയും ശ്രേഷ്ഠതയും ശേഷിയും വ്യക്തമാക്കാനാണ് ഒരുകോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നതെന്നും ജയമോഹൻ പറഞ്ഞു. ഡൽഹിയിലെ പത്രസമ്മേളനത്തിൽ തമിഴ് എഴുത്തുകാരായ ശരണ്യ രമേശ്, പ്രിയംവദ, സുനീൽ കൃഷ്ണൻ, സുചിത്ര, ലോഗമാദേവി എന്നിവർ പങ്കെടുത്തു.
Content Highlights: Launch of a new global literary award worth 1 Crore INR., Protest against Vairamuthu receiving the Jnanpith Award.