ഗസ്സയിലെ കുട്ടികളോട് മാത്രമല്ല, എല്ലാ കുട്ടികളോടും സ്‌നേഹം മാത്രം - ടി പത്മനാഭൻ

കോഴിക്കോട്: ഗസ്സയിലെ കുട്ടികളോട് മാത്രമല്ല, ലോകത്തിലെ എല്ലാകുട്ടികളോടും തനിക്ക് സ്‌നേഹം മാത്രമേ ഉള്ളൂവെന്ന് ടി. പത്മനാഭൻ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരമായ 'ഗസ്സയിലെ കുട്ടികളു'ടെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ടി. പത്മനാഭൻ.
''ഞാൻ അവരിൽ ഒരുത്തനാണ്. എന്റെ കഥകളിലെ കുട്ടികളെക്കുറിച്ച് പലരും പറഞ്ഞു. മലയാളഭാഷയിലും ഇന്ത്യയിലെ മറ്റു ഭാഷകളിലും ലോകത്തിലെ ഭാഷകളിലും എന്നെക്കാൾ വലിയ എത്രയോ കഥാകൃത്തുക്കളുണ്ട്. പക്ഷേ, ഒരു വിഷയത്തിൽ ഞാൻ മലയാളത്തിലെ എന്നല്ല, ലോകത്തിലെത്തന്നെയും എല്ലാ കഥാകൃത്തുക്കളെക്കാളും വലിയ ഒരാളാണ്. ഞാനിത് തെളിവുസഹിതം പറയുകയാണ്. അതെന്തെന്നാൽ എന്റെയത്ര കുട്ടികളെക്കുറിച്ച് കഥകളെഴുതിയ ഒരു കഥാകാരൻ ലോകത്തിൽത്തന്നെ വേറെയില്ല. ടി. പത്മനാഭന്റെ കുട്ടികൾ എന്നുപറഞ്ഞ ഒരു പുസ്തകം തന്നെയുണ്ട്. അതിൽ 50 കഥകളുണ്ട്. പിൽക്കാലത്ത് അതിന്റെ എണ്ണം കൂടി''-പത്മനാഭൻ പറഞ്ഞു.
പണ്ടത്തെയും ഇപ്പോഴത്തെയും എല്ലാ എഴുത്തുകാരെയുംപോലെ ആദ്യത്തെ കഥ മാതൃഭൂമിയിലേക്കയച്ചതും പിറ്റേന്നുതന്നെ മടങ്ങിവന്നതും മുതൽ പിന്നീട് മാതൃഭൂമിയുമായും മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറുമായും ഉണ്ടായ ഗാഢബന്ധത്തെക്കുറിച്ചും അദ്ദേഹം സരസമായി വിവരിച്ചു.
'ഗസ്സയിലെ കുട്ടികൾ' സ്വാമി കൃഷ്ണാനന്ദഭാരതിക്ക് നൽകി മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ പ്രകാശനം ചെയ്തു.
ടി. പത്മനാഭൻ എഴുതുക ചെറിയ കഥകളാണെന്നും പക്ഷേ, അതിലെല്ലാം ഒരു സന്ദേശമുണ്ടാകുമെന്നും എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു. നന്മയുടെയും ആർദ്രതയുടെയും കഥകളാണ് അദ്ദേഹത്തിന്റേത്. മനുഷ്യരുടെ മനസ്സ് മനസ്സിലാക്കാൻ ഗസ്സയിൽ പോകണമെന്നില്ല. ലോകത്തെവിടെയിരുന്നാലും അത് സാധിക്കുമെന്നതാണ് ടി. പത്മനാഭന്റെ പ്രത്യേകത. അദ്ദേഹത്തിന് കൃത്യമായ നിലപാടുകളുണ്ട്. പല കഥകളിലും കൃത്യമായ രാഷ്ട്രീയനിലപാടുകൾ കാലാകാലമായി ആവർത്തിക്കുന്നത് കാണാമെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു.
നിഷ്‌കളങ്കഭക്തി എന്നുതന്നെ പറയാവുന്ന നിഷ്‌കളങ്കഭാവമാണ് ടി. പത്മനാഭന്റെ കഥകളിൽ കാണാൻ കഴിയുന്ന പ്രത്യേകതയെന്ന് സ്വാമി കൃഷ്ണാനന്ദഭാരതി പറഞ്ഞു.
മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റർ സുഭാഷ് ചന്ദ്രൻ അധ്യക്ഷനായി. ടി. പത്മനാഭന്റെ കഥാലോകത്ത് നിറയെ കുട്ടികളാണെന്നും കുട്ടികളെ സവിശേഷശ്രദ്ധയോടെ നിരീക്ഷിക്കുകയും അവരുടെ നിഷ്‌കളങ്കമായ ലോകത്തെ ലളിതമനോഹരമായ എഴുത്തിലൂടെ അടയാളപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനാണ് അദ്ദേഹമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. ഡെപ്യൂട്ടി ചീഫ് മാനേജർ മാതൃഭൂമി ബുക്‌സ് കെ. നൗഷാദ്, ശ്രീകല മുല്ലശ്ശേരി എന്നിവർ സംസാരിച്ചു.
Content Highlights: T. Padmanabhan reflects on his lifelong dedication to writing about children., The book 'Gazzayile Kuttikal' was officially released by M.V. Shreyams Kumar., The author highlights his unique literary focus on childhood innocence., Discussion on the author's long-standing relationship with Mathrubhumi publication.