മഹാകവി വെണ്ണിക്കുളം പുരസ്‌കാരം ഡോ. സോണിയ ചെറിയാന്

ഡോ. സോണിയ ചെറിയാന്‍ | ഫോട്ടോ: എന്‍.എം. പ്രദീപ്/മാതൃഭൂമി
ഡോ. സോണിയ ചെറിയാന്‍ | ഫോട്ടോ: എന്‍.എം. പ്രദീപ്/മാതൃഭൂമി

പത്തനംതിട്ട: പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ 2024-ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക  പുരസ്‌കാരം എഴുത്തുകാരിയായ ലെഫ്റ്റനന്റ് കേണല്‍ ഡോ. സോണിയ ചെറിയാന്. സോണിയയുടെ 'സ്‌നോ ലോട്ടസ്' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

10001 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങിയ പുരസ്‌കാരം മെയ് ഒമ്പതാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മാനിക്കും.

തുരുത്തിക്കാട് ബി.എ.എം. കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ജോസ് പാറക്കടവില്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ. സജി ചാക്കോ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഏബ്രഹാം തടിയൂര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ്  പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
 
സാഹിത്യകാരിയും നോവലിസ്റ്റുമായ സോണിയ ചെറിയാന്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ സ്വദേശിനിയാണ്. ഇന്ത്യന്‍ കരസേനയുടെ ലെഫ്റ്റനന്റ് കേണലായി വിരമിച്ചു. ഇന്ത്യന്‍ റെയിന്‍ബോ, അവളവള്‍ ശരണം എന്നിവയാണ് മറ്റ് കൃതികള്‍.

പത്രസമ്മേളനത്തില്‍ ഡോ. സജി ചാക്കോ, ബിജു ജേക്കബ് കൈതാരം, സാമുവേല്‍ പ്രക്കാനം എന്നിവര്‍ പങ്കെടുത്തു. 

Content Highlights: Lt. Col. Dr. Sonia Cherian Wins Vennikkulam Gopalakuruppu Award