മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം; ശശി തരൂർ വിളിക്കുന്നു, 'ആശയ ഇഡ്ഡലി' റെഡി

കൊച്ചി: ഫ്‌ളോസിനൗസിനിഹിലിപിലിഫിക്കേഷൻ...പെർസ്പിക്കാസിറ്റി...അസധാരണമായ ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗം കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരേയൊരു മുഖം... ശശി തരൂർ. ആവിയിൽ വേവിച്ച കുറ്റബോധത്തിന്റെ രുചിയാണ് ഇഡ്ഡലിക്ക് എന്ന് ട്വീറ്റുചെയ്ത വിദേശിയോട്, ആ പാവം ഒരിക്കലും നല്ല ഇഡ്ഡലി കഴിച്ചിട്ടില്ലെന്ന് മറുകുറിപ്പെഴുതിയ ശശി തരൂർ.
ഒരു ഇഡ്ഡലി കഴിക്കുന്നതുപോലെ ലളിതവും എന്നാൽ, അതിമനോഹരവുമായൊരു അനുഭവത്തിലേക്ക് ശശി തരൂരിനൊപ്പം നിങ്ങൾക്ക് അല്പനേരം സഞ്ചരിക്കണോ. ബഹുമുഖപ്രതിഭയും രാഷ്ട്രീയ നയതന്ത്രജ്ഞനുമായ ശശി തരൂരിനൊപ്പം വേദിപങ്കിട്ട് ആശയങ്ങളുടെ ഇഡ്ഡലി ആസ്വദിക്കണോ. എങ്കിൽ അക്ഷരങ്ങളുടെ ഉത്സവമായ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'തരൂർ സഭ'യിലേക്ക് സ്വാഗതം.
ശശി തരൂർ അതിഥിയായെത്തുന്ന ഈ സഭയിൽ കേരളത്തിലെ മിടുക്കരായ യുവജനങ്ങൾക്കാവും അവസരം. ഡിജിറ്റൽ യുഗത്തിൽ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും തമ്മിലുള്ള സന്തുലനം ചർച്ചചെയ്യുന്ന തരത്തിലാണ് 'സാമൂഹികമാധ്യമങ്ങൾക്ക് അതിരുവെക്കണോ' എന്ന മത്സര വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മറ്റൊരു വിഷയത്തിലാകും തരൂർ സഭയിൽ സംവദിക്കാൻ അവസരമൊരുക്കുന്നത്. ഇത് വെറുമൊരു ചർച്ചയല്ല, നിങ്ങളുടെ ശബ്ദം ലോകം കേൾക്കുന്ന വേദിയാണ്. കാരണം സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ ലോകപ്രശസ്തരെ ഒരുമിച്ചുകൊണ്ടുവരുന്ന ഏഷ്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമാണ് ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം.
കേരളത്തിലെ പ്രമുഖ സിവിൽ സർവീസ് കോച്ചിങ് സ്ഥാപനമായ ഫോർച്ചുൺ ഐഎഎസ് അക്കാദമിയാണ് ഈ പ്രോഗ്രാമിന്റെ സ്‌പോൺസർ.
പങ്കെടുക്കാൻ താത്പര്യമുള്ള 18-നും 30-നും ഇടയിൽ പ്രായമുള്ളവർ 'സാമൂഹികമാധ്യമങ്ങൾക്ക് അതിരുവെക്കണോ' എന്ന വിഷയത്തിലുള്ള അഭിപ്രായം ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോയായി ജനുവരി 20-ന് മുൻപ് 9846 029 612 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. ഈ വീഡിയോകളിൽനിന്ന് ഒരു ജില്ലയിൽനിന്ന് ഒരാൾ എന്ന നിലയിൽ 14 പേരെയാണ് 'തരൂർസഭ'യിലേക്ക് തിരഞ്ഞെടുക്കുക
Content Highlights: Join Shashi Tharoor at Mathrubhumi International Festival of Letters for a unique `Tharoor Sabha`. Youngsters, get a chance to discuss freedom & responsibility in the digital age. Don`t miss!