എന്നെത്തന്നെ കണ്ടെത്താനുള്ള ശ്രമത്തിൽ, നിലച്ചുപോയ വായനയെ വീണ്ടെടുത്തു- കുറിപ്പുമായി ശാരദാ മുരളീധരൻ

ഔദ്യോഗിക തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ടുപോയ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് താൻ മടങ്ങിയെത്തിയതിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കൺഫെഷണൽ എന്ന കുറിപ്പിലൂടെയാണ് തന്റെ പ്രവാസകാലത്തെ ഓർമ്മകളും മാതൃഭാഷയുമായുള്ള സങ്കീർണ്ണമായ ബന്ധവും വായനയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും അവർ കുറിച്ചത്.
കാനഡയിലെ കുട്ടിക്കാലത്തെ മനോഹരമായ ദൃശ്യങ്ങളിലൂടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. മഞ്ഞും കളിക്കൂട്ടുകാരും ഇംഗ്ലീഷ് കഥകളും നിറഞ്ഞ ആ ലോകത്തുനിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ നേരിട്ട സാംസ്കാരിക സംഘർഷങ്ങളെക്കുറിച്ച് അവർ തുറന്നു പറയുന്നു.
മാതൃഭാഷയോ പിതൃഭാഷയോ വശമില്ലാത്തതിന്റെ പേരിലുള്ള അപകർഷതാബോധവും, തനിക്ക് സുരക്ഷിത താവളമായിരുന്ന ഇംഗ്ലീഷ് ഭാഷയെ മുറുകെ പിടിച്ചതിനെക്കുറിച്ചും അവർ വിവരിക്കുന്നു. ഇംഗ്ലീഷിലൂടെ ലോകത്തെ അറിഞ്ഞ താൻ ആ ഭാഷയിൽ ഒരു എഴുത്തുകാരിയാകാൻ ആഗ്രഹിച്ചുവെന്നും എന്നാൽ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ ആ സ്വപ്നങ്ങളെ മാറ്റിമറിച്ചുവെന്നും ശാരദ മുരളീധരൻ കുറിക്കുന്നു.
വർഷങ്ങളോളം വഴിമുട്ടി നിന്ന വായനയക്കുറിച്ചാണ് കുറിപ്പിന്റെ രണ്ടാം ഭാഗം. ആദ്യ പുസ്തകത്തിന് ശേഷം താൻ എഴുത്തും വായനയും നിർത്തിയതിനെക്കുറിച്ച് ആരും ചോദിച്ചില്ലെന്നും കുറപ്പിൽ പറയുന്നുണ്ട്. എന്നാൽ ആ നിശബ്ദതയ്ക്ക് വിരാമമിട്ടത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്തപ്പോഴാണെന്നും തുറന്നുപറയുന്നുണ്ട്. മാലിന്യ സംസ്കരണത്തെക്കുറിച്ചോ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചോ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചോ സംസാരിക്കാൻ വിളിക്കുമോ എന്ന് താൻ ആലോചിച്ചിരുന്നുവെന്നും തൻ്റെ ഉള്ളിൽ ചിന്തിച്ചിരുന്നെന്നും കുറിപ്പിൽ പറയുന്നു.
ജീത് തയ്യിലിന്റെ നാർക്കോപോളിസ് തൻ്റെ വായനക്കാരി എന്ന സ്വത്വത്തെ തിരിച്ചെത്തിച്ചതിനെകുറിച്ച് കുറിപ്പിൽ വൈകാരികമായി മനസ്സുതുറക്കുന്നുണ്ട്. വായനയിലേക്കുള്ള മടങ്ങിവരവും അതിലൂടെയുള്ള തിരിച്ചറിവുകളും വേദനയുണ്ടാക്കുന്നുണ്ടെന്നും എന്നാൽ വീണ്ടും വായിക്കാനും എഴുതാനും ആരംഭിക്കുന്നതിലൂടെ തന്നെത്തന്നെ കണ്ടെത്താനുള്ള ശ്രമത്തിലാണ് താനെന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
കേരളത്തിന്റെ 49-ാമത് ചീഫ് സെക്രട്ടറിയായാണ് ശാരദാ മുരളീധരൻ സർവീസിൽ നിന്ന് വിരമിച്ചത്. ഇതിനു മുൻപ് കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ, എൻ.ഐ.എഫ്.ടി ഡയറക്ടർ ജനറൽ, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തുടങ്ങിയ നിരവധി സുപ്രധാന തസ്തികകളിൽ അവർ സേവനം അനുഷ്ഠിച്ചിരുന്നു. വിരമിച്ചതിനു ശേഷമുള്ള തൻ്റെ ജീവിതത്തിൻ്റെ ഒഴുക്ക് ഏതൊക്കെ ദിശകളിലൂടെയാകുമെന്ന് പല അഭിമുഖങ്ങളിലും ശാരദ മുരളീധരൻ പറഞ്ഞിട്ടുണ്ട്. യാത്രകളിൽ മനസ്സിൽ തങ്ങുന്ന ദൃശ്യങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പുകളും പങ്കുവെക്കാറുണ്ട്. ഔദ്യോഗിക പദവികൾക്കു പുറമേയുള്ള ശാരദയുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും ഉൾപ്പെടുന്ന കുറിപ്പുകൾക്ക് ആസ്വാദകരേറെയാണ്.
Content Highlights: Former Chief Secretary Sharada Muralidharan shares a heartfelt `confessional` about her journey back to reading and writing, exploring childhood memories, language complexities, and self-discovery.