പ്രണയം ഒട്ടും തിരിയാത്ത കൂട്ടരാണ് മലയാളികൾ - എം.എൻ. കാരശ്ശേരി

ശബ്നം നൂര്‍ജഹാന്‍ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കാമില- റൂമിയുടെ പ്രണയി' എന്ന നോവല്‍ പ്രകാശനം
ശബ്നം നൂര്‍ജഹാന്‍ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കാമില- റൂമിയുടെ പ്രണയി' എന്ന നോവല്‍ പ്രകാശനം

കോഴിക്കോട്: പ്രണയം ഒട്ടും തിരിയാത്ത കൂട്ടരാണ് മലയാളികളെന്നും ഇക്കാലത്തുപോലും നമുക്കു ശരിയായി പ്രണയമെന്ന വികാരത്തെ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയുന്നില്ലെന്നും സാഹിത്യകാരനും പ്രഭാഷകനുമായ എം. എൻ. കാരശ്ശേരി പറഞ്ഞു. ശബ്നം നൂർജഹാൻ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കാമില-

മലയാളിയുടെ വടക്കൻപാട്ടിലോ തെക്കൻപാട്ടിലോ തെയ്യത്തിലോ തോറ്റത്തിലോ പ്രണയം കണ്ടെത്താനാകില്ല. മാപ്പിളപ്പാട്ടിൽ പ്രണയമുണ്ടായിരുന്നില്ല. അതു കൊണ്ടുവരുന്നത് മോയിൻകുട്ടി വൈദ്യരാണ്. അദ്ദേഹം അതിന് വിചാരണ ചെയ്യപ്പെട്ടു. ആശാനും ചങ്ങമ്പുഴയും ബഷീറും തകഴിയും മലയാളിയെ പ്രണയം പഠിപ്പിച്ചു. എന്നിട്ടും ഖലീൽ ജിബ്രാൻ 18 കൊല്ലം താൻ പ്രണയിച്ചിട്ടും, ഒരിക്കലും കാണാത്ത തന്റെ കാമുകിക്ക് കത്തെഴുതിയിരുന്നുവെന്ന സത്യം നമുക്ക് വിശ്വസിക്കാൻ പ്രയാസമാണ്. പ്രണയത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങൾ സൂഫിസത്തിന്റെ വഴിയിലൂടെ അന്വേഷിക്കുന്ന നോവലാണ് ശബ്നം നൂർജഹാന്റേത്.

ചുംബനം ഒരാളുടെ കൈയിൽ കൊടുത്തുവിടാനാവാത്തതുപോലെയോ അന്ധനോട് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പറഞ്ഞു മനസ്സിലാക്കാനാവാത്തതുപോലെയോ ആണ് സൂഫിസം. മതത്തിനകത്ത് വെറുപ്പ് പൂർണമായും ഒഴിവാക്കുന്ന, അപരവത്കരണം അപ്പാടെ വെടിയുന്ന ധാരയാണ് സൂഫിസം. സൂഫിസത്തിന്റെ ഉദ്ഭവം മുഹമ്മദ് നബിയിൽത്തന്നെ കാണാം. ശ്രീബുദ്ധനെയും ക്രിസ്തുവിനെയും ഗാന്ധിയെയും ബഷീറിനെയും നമുക്ക് സൂഫികളായി വിലയിരുത്താം. മതം ആചാരനിഷ്ഠമാണ്. സൂഫിസമാവട്ടെ അതിരുകളില്ലാത്ത സ്നേഹമാണ്. മതമൗലികവാദത്തിനും മതരാഷ്ട്രവാദത്തിനും എതിരായ സന്ദേശമാണ് ശബ്നം നൂർജഹാൻ പുസ്തകത്തിലൂടെ നൽകുന്നത്. ആദ്യന്തം പാരായണക്ഷമമായ ഈ പുസ്തകം മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നതിന്റെ ആപത്തിനെക്കുറിച്ചും മുന്നറിയിപ്പു നൽകുന്നുവെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു.

ബാലാമണിയമ്മ പകർന്നുനൽകിയതുപോലെയുള്ള സ്നേഹത്തിന്റെ ഭാഷയിലൂടെ നന്മകളുള്ള മതത്തെ പഠിപ്പിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരിയാണ് ശബ്നം നൂർജഹാനെന്ന് പുസ്തകം ഏറ്റുവാങ്ങിയ സുഭാഷ് ചന്ദ്രൻ പറഞ്ഞു. കെ.പി. കേശവമേനോൻ ഹാളിൽനടന്ന ചടങ്ങിൽ ശബ്നം നൂർജഹാൻ, ടി.എ. ശ്രുതി എന്നിവരും സംസാരിച്ചു.

Content Highlights: Shabnam Noorjahan Book Release, MN Karassery, Subhash Chandran, Mathrubhumi Books