ഇരുട്ടിലെ സ്ത്രീജീവിതം എം.ടി. തുറന്നുകാട്ടി -സാറാ ജോസഫ്

തിരൂര്‍: എം.ടി. സ്ത്രീകളുടെ ദുഃഖങ്ങള്‍ കാണുകയും നായര്‍ തറവാട്ടിലെ അടുക്കളയിലെ ഇരുട്ടിലെ സ്ത്രീജീവിതം തുറന്നുകാട്ടുകയും ചെയ്തുവെന്ന് എഴുത്തുകാരി സാറാ ജോസഫ്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ തുഞ്ചന്‍ ഉത്സവത്തിന്റെ രണ്ടാം ദിനത്തില്‍ 'എം.ടി.യുടെ നിലപാടുതറ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
സങ്കടമെന്ന മഹാപുസ്തകമാണ് എം.ടി.യുടെ സ്ത്രീകഥാപാത്രങ്ങളുടെ ജീവിതം. മതമൈത്രിയുടെ സന്ദേശം എം.ടി.യുടെ കൃതികളിലുണ്ട്. നിലപാടുകളുടെ മഹാനായ ചക്രവര്‍ത്തിയാണ് എം.ടി.യെന്നും അവര്‍ പഞ്ഞു. ന്യൂനപക്ഷത്തെ അകറ്റുന്ന രീതിയിലേക്ക് രാജ്യം പോയിക്കൊണ്ടിരിക്കുകയാണെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാതയിലൂടെയുമാണ് നാം സഞ്ചരിക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.
എം.ടി.യുടേത് സമഗ്ര സാഹിത്യം- ആലങ്കോട് ലീലാകൃഷ്ണന്‍
ആധുനിക കേരളീയതയില്‍ മനുഷ്യത്വം സൃഷ്ടിക്കാനാണ് എം.ടി. വാസുദേവന്‍ നായര്‍ എഴുതിയതെന്നും അദ്ദേഹത്തിന്റേത് സമഗ്ര സാഹിത്യമാണെന്നും കവി ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. 'കേരളീയാധുനികതയും എം.ടി.യുടെ നോവലുകളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ ദളിത് കഥാപാത്രങ്ങളുണ്ടായത് എം.ടി.യുടെ കൃതികളിലാണ്. എം.ടി. ഒറ്റപ്പെട്ട മനുഷ്യരുടെ ആന്തരികദുഃഖങ്ങള്‍ എഴുതി- ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. അനന്യ കാവ്യാലാപനം നടത്തി. ടി.പി. സുബ്രഹ്‌മണ്യന്‍ പ്രസംഗിച്ചു.
Content Highlights: Sarah joseph's speech at Thunjan ulsavam 2025