സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഹാദി മതാറിന് 25 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഹാദി മതാറിന് ഇരുപത്തിയഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ച് വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതി. റുഷ്ദി പ്രസംഗിച്ചിരുന്ന വേദിയിലുണ്ടായിരുന്ന മറ്റൊരാളെക്കൂടി കുത്തിപ്പരിക്കേല്‍പ്പിച്ചതിന് എഴുവര്‍ഷം തടവുകൂടി മതാറിന് കോടതി വിധിച്ചിട്ടുണ്ട്. ഒരേസംഭവത്തില്‍ രണ്ട് ഇരകള്‍ക്ക് പരിക്കേറ്റതിനാല്‍ ശിക്ഷകളും ഒരേസമയം അനുഭവിക്കണമെന്ന് ഷൗതൗക്വാ കൗണ്ടി ജില്ലാ അറ്റോര്‍ണി ജനറല്‍ ജേസണ്‍ ഷ്മിഡ്റ്റ് ഉത്തരവിട്ടു.
2022 ഓഗസ്റ്റ് പന്ത്രണ്ടിനാണ് ന്യൂയോര്‍ക്കിലെ ഷൗതൗക്വാ ഇന്‍സ്റ്റ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണം തുടങ്ങുന്നതിനിടെ റുഷ്ദിയെ ഇരുപത്തിയേഴുകാരനായ ഹാദി മതാര്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. പതിനേഴുദിവസം പെന്‍സില്‍വാനിയയിലെ ആശുപത്രിയിലും മൂന്നാഴ്ച ന്യൂയോര്‍ക് സിറ്റി റീഹാബിലിറ്റേഷന്‍ സെന്ററിലും കഴിഞ്ഞ റുഷ്ദിക്ക് ആക്രമണത്തില്‍ വലതുകണ്ണ് നഷ്ടമായിരുന്നു. തോളെല്ലിനും സാരമായി പരിക്കേറ്റു.
വിചാരണയ്ക്കിടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തേക്കുറിച്ച് പറഞ്ഞ ഹാദി മതാര്‍, റുഷ്ദിയെ ഹിപ്പോക്രാറ്റ് എന്നുവിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ''സല്‍മാന്‍ റുഷ്ദി മറ്റാളുകളോട് അനാദരവ് കാട്ടുകയാണ് ചെയ്യുന്നത്. അയാള്‍ ഒരു ഭീഷണിക്കാരനാവാന്‍ ശ്രമിക്കുന്നു, മറ്റുള്ളവരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു. അതിനോട് എനിക്ക് യോജിക്കാനാവില്ല'', ഹാദി മതാര്‍ വിധിയോട് ഇങ്ങനെ പ്രതികരിച്ചു.
Content Highlights: salman rushdie murder attempt accused sentenced to jail 25 years