രേവതി പട്ടത്താനം: സാഹിത്യം ജോര്‍ജ് ഓണക്കൂറിന്, വാദ്യകല തിരുവല്ല രാധാകൃഷ്ണന്

കോഴിക്കോട്: ഇത്തവണത്തെ രേവതി പട്ടത്താനവുമായി ബന്ധപ്പെട്ട മികച്ച സാഹിത്യകാരനുള്ള മനോരമ തമ്പുരാട്ടി പുരസ്കാരം ജോര്‍ജ് ഓണക്കൂറിനും മികച്ച വാദ്യകലാകാരനുള്ള ആസ്ഥാന മേളപ്രമാണി പുരസ്കാരം തിരുവല്ല രാധാകൃഷ്ണനും . 27-ന് രാവിലെ എട്ടിന് കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിക്കുന്ന വേദപണ്ഡിതന് സാമൂതിരി രാജാവ് പണക്കിഴി നല്‍കി ആദരിക്കും. രാവിലെ 8.30-ന് പട്ടത്താന ഘോഷയാത്ര തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളിലേക്ക് പ്രവേശിക്കും. പട്ടത്താന സദസ്സ് നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.ആര്‍ മുരളി എന്നിവര്‍ സംസാരിക്കും. മികച്ച സാഹിത്യകാരനുള്ള മനോരമ തമ്പുരാട്ടി പുരസ്കാരം ജോര്‍ജ് ഓണക്കൂറിനും മികച്ച വാദ്യകലാകാരനുള്ള ആസ്ഥാന മേളപ്രമാണി പുരസ്കാരം തിരുവല്ല രാധാകൃഷ്ണനും സമ്മാനിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാകും.
കോഴിക്കോട് സാമൂതിരിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പണ്ഡിതന്മാരുടെ ഏഴുദിവസത്തെ ഉത്സവമാണ് രേവതി പട്ടത്താനം. സാമൂതിരി രാജാക്കന്മാരുടെ ഭരണകാലം തൊട്ടേ വിശിഷ്ടമായി കരുതിപ്പോരുന്ന രേവതി പട്ടത്താനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന പണ്ഡിതരെ ശ്രേഷ്ഠരായിട്ടാണ് കരുതി വരുന്നത്. പണ്ഡിതന്മാര്‍ക്ക് പണക്കിഴിയോടൊപ്പം 'ഭട്ട' എന്ന സ്ഥാനപ്പേരും കൂടി ചാര്‍ത്തിനല്‍കുന്നതോടെയാണ് ആ വര്‍ഷത്തെ രേവതി പട്ടത്താനം പൂര്‍ത്തിയാകുന്നത്. ഭട്ട എന്നാല്‍ പുരസ്‌കാരം എന്നര്‍ഥം. തുലാം മാസത്തിലെ രേവതി നാളില്‍ നടത്തപ്പെടുന്ന ചടങ്ങായതിനാല്‍ രേവതി പട്ടത്താനം എന്ന് വിളിച്ചുവരുന്നു.
ഏറനാടിന്റെ കൂടി അധിപനായിരുന്ന സാമൂതിരി രാജാവ് 14-ാം നൂറ്റാണ്ടില്‍ കോഴിക്കോട് തളി ശിവക്ഷേത്രം പിടിച്ചെടുക്കുകയും പരമ്പരാഗതമായി തളി ക്ഷേത്രത്തെ സേവിച്ചിരുന്ന ബ്രാഹ്‌മണരെ അടിച്ചമര്‍ത്തുകയും വധിക്കുകയും ചെയ്തു. തളി ക്ഷേത്രത്തിന്റെ അധികാരം പിടിച്ചടക്കിയതോടെ സാമൂതിരി കുടുംബത്തില്‍ വിനാശങ്ങള്‍ നിത്യസംഭവങ്ങളായിത്തീര്‍ന്നുവെന്നും അകാലത്തില്‍ കുഞ്ഞുങ്ങള്‍ മരണമടയുന്നതും ദമ്പതിമാര്‍ക്ക് സന്താനഭാഗ്യമില്ലാതെ പോകുന്നതും ബ്രാഹ്‌മണശാപമായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. കവി രാഘവാനന്ദയുടെ സമകാലികനും സന്യാസിയുമായിരുന്ന കോല്‍ക്കുന്നത്ത് സ്വാമിയാണ് പരിഹാരമായ രേവതി പട്ടത്താനം നടത്തുക എന്ന ഉപദേശം സാമൂതിരിക്ക് നല്‍കുന്നത്. തര്‍ക്കം, വ്യാകരണം, മീമാംസം, വേദാന്തം എന്നീ നാലുമേഖലകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പണ്ഡിതര്‍ക്കാണ് പട്ടത്താനം നല്‍കുക.
ബ്രാഹ്‌മണ വധം ധര്‍മശാസ്ത്രത്തിലെ പഞ്ചമഹാപാപങ്ങളില്‍ ഒന്നായതിനാല്‍ സാമൂതിരി രാജാവിന്റെ പ്രായശ്ചിത്ത നടപടികളുടെ ഭാഗമായി രേവതി പട്ടത്താനത്തെ രാജാവ് അംഗീകരിച്ചു. അക്കാലത്ത് പണ്ഡിതരായിട്ടുള്ളവര്‍ ബ്രാഹ്‌മണരായിരുന്നതിനാല്‍ അവരിലെ ശ്രേഷ്ഠരെ കണ്ടെത്തി ആദരിക്കുന്നതിലൂടെ പാപമോക്ഷം നേടാന്‍ കഴിയും എന്നായിരുന്നു സാമൂതിരിയുടെ വിശ്വാസം. മികച്ച പണ്ഡിതരെ കണ്ടെത്താനായി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
മധ്യകാലഘട്ടത്തില്‍ ദക്ഷിണേന്ത്യയില്‍ വളരെയധികം കൊട്ടിയാഘോഷിക്കപ്പെട്ട പണ്ഡിതോത്സവമായിരുന്നു രേവതി പട്ടത്താനം. തമിഴ്‌നാട്ടിലെ പ്രസിദ്ധ പണ്ഡിതനും കോകില സന്ദേശം, മല്ലിക, തുടങ്ങിയ കൃതികളുടെ സ്രഷ്ടാവുമായ ഉദ്ദണ്ഡശാസ്ത്രികള്‍ രേവതി പട്ടത്താന പണ്ഡിതമത്സരത്തില്‍ കാക്കശേരി ഭട്ടതിരിപ്പാടിനോട് മത്സരിച്ച് പരാജയപ്പെട്ട കഥ ഐതിഹ്യമാലയില്‍ വിവരിക്കുന്നുണ്ട്.
തുലാം മാസത്തിലെ രേവതി നക്ഷത്രം മുതല്‍ എഴുദിവസമാണ് തളി ക്ഷേത്രത്തില്‍ രേവതി പട്ടത്താനം ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയിലെ പണ്ഡിതരുടെ മഹാസമ്മേളനമായി മാറി പിന്നീട് ഈ ചടങ്ങ്. നാരായണീയത്തിന്റെ രചയിതാവായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാടിനെ ആറുതവണ മഹാപണ്ഡിതപ്രവേശനത്തിനായുള്ള സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും നിരാകരിച്ചിരുന്നു എന്നത് ചൂണ്ടിക്കാട്ടുന്നത് സഭയിലെ മഹാശ്രേഷ്ഠരായ പണ്ഡിതനിരതന്നെയാണ്.
സാമൂതിരി ഭരണം അവസാനിച്ചതോടെ പല ചടങ്ങുകളും അവസാനിച്ചെങ്കിലും രേവതി പട്ടത്താനം കോഴിക്കോടിന്റെ സാഹിത്യ- വൈജ്ഞാനിക- സാംസ്‌കാരികമുദ്രണമായി കരുതിപ്പോരുകയും വര്‍ഷാവര്‍ഷം മുടക്കമില്ലാതെ നടത്തിപ്പോരുകയും ചെയ്യുന്നു. ജാതിമതവ്യത്യാസമില്ലാതെ 'ഭട്ട' സ്വീകരിക്കുന്നവരുടെ പ്രതിഭയും പാണ്ഡിത്യവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
Content Highlights: Revathi Pattathanam, George Onakkoor, Thiruvalla Radhakrishnan, Mathrubhumi