എല്ലാം സംഭവിച്ചശേഷം മാതാപിതാക്കൾ ക്യാമറയ്ക്കു മുന്നിൽ കരയുന്നത് എന്നെ ഒട്ടും സ്പർശിക്കാറില്ല- ആർ. രാജശ്രീ

ആര്‍. രാജശ്രീ
ആര്‍. രാജശ്രീ

പെൺകുട്ടികൾ ഭർതൃഗൃഹത്തിൽവെച്ച് പീഡിപ്പിക്കപ്പെടുകയും ആത്മഹത്യ ചെയ്യുന്ന സാഹചര്യവും ഉണ്ടാവുമ്പോൾ എല്ലാം കഴിഞ്ഞ് ചാനൽ ക്യാമറയ്ക്കു മുന്നിൽ വന്ന് ആരോപണങ്ങൾ നിരത്തുന്ന, കരയുന്ന, മാതാപിതാക്കളെ കാണുമ്പോൾ തനിക്ക് ഒരുതരത്തിലും സങ്കടം വരാറില്ലെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ആർ. രാജശ്രീ. മലയാള സാഹിത്യത്തിനു നൽകിയ സംഭാവനകളെ മാനിച്ച് പത്മപ്രഭാ ട്രസ്റ്റ്രിന്റെ പത്മപ്രഭാ സ്മാരക സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനു മുന്നോടിയായി മാതൃഭൂമി ഡോട്‌കോമിനു നൽകിയ അഭിമുഖത്തിലാണ് രാജശ്രീ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്.

ഒരു ബന്ധത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള പരമാധികാരി സ്ത്രീ തന്നെയാണെന്നും ബന്ധം മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ പങ്കാളിയോട് സംയമനത്തോടെ പറയാനുള്ള ആരോഗ്യകരമായ കുടുംബസാഹചര്യമോ സാമൂഹികാന്തരീക്ഷമോ നമുക്ക് ഇനിയും കൈവന്നിട്ടില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

ഒരു തരത്തിലും താൻ കേൾക്കപ്പെടില്ലെന്ന സാഹചര്യത്തിലാണ് കുടുംബം മധ്യസ്ഥത വഹിക്കാൻ തയ്യാറാവേണ്ടതെന്നും രാജശ്രീ അഭിപ്രായപ്പെട്ടു. 'ഭാര്യ തന്നിൽനിന്നും വേർപെട്ടുപോവുന്നു എന്നത് പുരുഷനിൽ സൃഷ്ടിക്കുന്നത് നിലനിൽപിനുനേരെയുള്ള ഭീഷണിയായിട്ടാണ്. അതുകൊണ്ടുതന്നെ ഏതുതരത്തിലും അവരത് പരിഹരിക്കാനാണ് ശ്രമിക്കുക. പക്ഷേ, ബന്ധം അനാരോഗ്യകരമായിത്തീരുന്നു, വയലൻസിലേക്കു നീങ്ങുന്നു എന്നു തോന്നുമ്പോൾ അവിടെ ഇടപെടാനാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും അവരുടെ കുടുംബങ്ങൾ ഉള്ളത്. അവിടെ മതിയായ ഇടപെടലുകൾ നടത്തുകയും വേണം. അന്നേരം ഇടപെടാതെ ഇതെല്ലാം സഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞുകൊണ്ട് പെൺകുട്ടികളെ തിരിച്ചയച്ച് പിന്നീട് ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മീഡിയയുടെ മുന്നിലും പോലീസുകാരോടും അവസ്ഥകൾ കരഞ്ഞുപറയുമ്പോൾ എനിക്കൊന്നും തോന്നാറില്ല. അത്തരത്തിൽ ഒരു സാഹചര്യത്തിൽനിന്നു വന്നതുകൊണ്ട് രക്ഷിതാക്കളുടെ അത്തരത്തിലുള്ള പ്രകടനങ്ങൾ എന്നെ സ്പർശിക്കാറേയില്ല.' രാജശ്രീ പറഞ്ഞു.

എത്രയോ തവണ സഹായത്തിനായി സ്വന്തം കുടുംബത്തോടു കൈനീട്ടി ഗതികെട്ടാണ് സ്ത്രീകൾ ജീവനൊടുക്കുന്നതെന്നും രാജശ്രീ പറഞ്ഞു. രണ്ടു പെൺകുട്ടികൾക്കൊപ്പം തീവണ്ടിയ്ക്കു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനിയുടെ മുഖം മറക്കാൻ കഴിയുന്നതല്ലെന്നും കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പ്രതീകമാണെന്നും അവർ പറഞ്ഞു.