പി.കെ. ഗോപിയുടെ കവിതകള്‍ക്ക് ഇംഗ്ലീഷ് പതിപ്പൊരുക്കി പേരക്കുട്ടി; നൂറ് കവിതകള്‍ മൊഴിമാറ്റി

#കെ.പി. അഞ്ജു
ആര്യ ഗോപി, പി.കെ. ഗോപി പേരക്കുട്ടി ജഹാന്‍ ജോബിയോടൊപ്പം
ആര്യ ഗോപി, പി.കെ. ഗോപി പേരക്കുട്ടി ജഹാന്‍ ജോബിയോടൊപ്പം

കോഴിക്കോട്: അമ്മ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തുന്നതു കണ്ടുകണ്ട് ഒരു ദിവസം ആ പത്തുവയസ്സുകാരന്‍ ചോദിച്ചു: ''എനിക്കും ഒരു പുസ്തകം തരുേമാ, ഒന്ന് പരിഭാഷപ്പെടുത്താന്‍.''

ബോറടിച്ചിരുന്ന് ചോദിച്ചതാകാമെന്ന തോന്നലില്‍ അമ്മ ഒരു പുസ്തകമെടുത്തു കൊടുത്തു. രണ്ടുമാസം കഴിഞ്ഞില്ല, അതിനുമുന്‍പ് അവന്‍ ആ കവിതാപുസ്തകം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. കവിയും ഗാനരചയിതാവും സാംസ്‌കാരികപ്രവര്‍ത്തകനുമായ പി.കെ. ഗോപിക്ക് മകളുടെ മകന്‍ ജഹാന്‍ ജോബി നല്‍കിയ അത്യപൂര്‍വസമ്മാനമായി ആ പുസ്തകം. പി.കെ. ഗോപിയുടെ നൂറു കവിതകള്‍ ഉള്‍ക്കൊള്ളുന്ന 'ആത്മം' പരിഭാഷപ്പെടുത്തിയാണ് പത്തുവയസ്സുകാരന്‍ ജഹാന്‍ മുത്തച്ഛനെ ഞെട്ടിച്ചത്.

കവയിത്രിയും ഗുരുവായൂരപ്പന്‍ കോളേജ് ഇംഗ്ലീഷ് അധ്യാപികയുമായ ആര്യാ ഗോപിയുടെയും ജോബി ജോസഫിന്റെയും മകനാണ് ജഹാന്‍. സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്.

വ്യത്യസ്തങ്ങളായ ആശയങ്ങളും വിഷയങ്ങളും കൈകാര്യംചെയ്യുന്ന പുസ്തകത്തെ വളരെ സുഗമമായാണ് ജഹാന്‍ കൈകാര്യംചെയ്തതെന്ന് മൊഴിമാറ്റംചെയ്ത ഇംഗ്ലീഷ് കവിത വായിക്കുമ്പോള്‍ മനസ്സിലാകും. പരിചിതമല്ലാത്ത വാക്കുകള്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സഹായത്തോടെയാണ് ജഹാന്‍ മനസ്സിലാക്കിയത്.

സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ

ഓരോ കവിതയും തര്‍ജമചെയ്ത് വീട്ടിലെ ആരെയെങ്കിലും കാണിക്കും. മുത്തച്ഛന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഏറെ സഹായിച്ചതായി ജഹാന്‍ പറഞ്ഞു.

വായിക്കാനും വരയ്ക്കാനും എഴുതാനും വീട്ടില്‍ ഒരുക്കിയ അധികസൗകര്യംതന്നെയാണ് ഈ ചെറുപ്രായത്തില്‍ കുഞ്ഞിനെ ഇതിലേക്കു നയിച്ചതെന്ന് കുടുംബം ഉറച്ചുവിശ്വസിക്കുന്നു.

ഏഴാംവയസ്സില്‍ ജഹാന്‍ വരച്ച ചിത്രം ആ വര്‍ഷത്തെ കേരളബജറ്റിന്റെ കവര്‍ പേജില്‍ വന്നിരുന്നു. മൂന്നുവയസ്സില്‍ തുടങ്ങിയതാണ് ചിത്രംവര. ഇതുവരെ അഞ്ച് ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. ഉജ്ജ്വലബാല്യം പുരസ്‌കാരവും നേടിയിട്ടുണ്ട്.

Content Highlights: Poet P.K. Gopi's grandson translates poems