വനിതാ മുഖ്യമന്ത്രി വരട്ടെ എന്ന് വി.എസ് വിരുദ്ധര്‍, വന്നത് നായനാര്‍- തുറന്നെഴുതി പിരപ്പന്‍കോട് മുരളി

അന്തരിച്ച മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതവും പ്രതിസന്ധികളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ വിഭാഗീയതയും പുസ്തകമാക്കി സിപിഎം മുന്‍ എം.എല്‍.എ പിരപ്പന്‍കോട് മുരളി. സൈന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 'വി.എസ് കമ്യൂണിസ്റ്റ് മനുഷ്യാവതാരം' എന്ന പുസ്തകത്തിലാണ് പിരപ്പന്‍കോട് മുരളി വി.എസ്സിനുമേല്‍ വന്നുചേര്‍ന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെക്കുറിച്ചും ഒറ്റപ്പെടുത്തലുകളുകളെക്കുറിച്ചും വിഭാഗീയതകളെക്കുറിച്ചും തുറന്നെഴുതിയിരിക്കുന്നത്.
1991-ല്‍ ആലപ്പുഴയിലെ ഏറ്റവും ശക്തനായ നേതാവായിരുന്ന ഡി. സുഗതനെ പതിനായിരത്തോളം വോട്ടിനു തോല്‍പിച്ച വി.എസ് 1996-ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൂടെ നിന്നവര്‍ തോല്‍പിച്ചതാണെന്ന് പുസ്തകരചയിതാവ് പറയുന്നു. 1996-ല്‍ ഒരു വനിതയാവട്ടെ മുഖ്യമന്ത്രി എന്ന അഭിപ്രായം വി.എസ് വിരുദ്ധര്‍ മുന്നോട്ടുവെച്ചത് വി.എസ്സിനെ മുഖ്യമന്ത്രി ആക്കാതിരിക്കാനായിരുന്നുവെന്നും പിരപ്പന്‍കോട് മുരളി പുസ്തകത്തില്‍ സ്ഥാപിക്കുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറും ട്രേഡ് യൂണിയന്‍ നേതാവും വി.എസ്സിന്റെ സ്ഥിരം വിമര്‍ശകനുമായിരുന്ന ടി.കെ. പളനിയെ വി.എസ്സിന്റ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയും ചീഫ് ഇലക്ടറല്‍ ഏജന്റുമാക്കിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ളള സാധ്യത അനായാസമാക്കിയെന്നും പുസ്തകത്തില്‍ പറയുന്നു.
മാരാരിക്കുളത്ത് കരുതിക്കൂട്ടിയാണ് വി.എസ്സിനെ തോല്‍പിച്ചതെന്നും പാര്‍ട്ടി സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ കൂടിയ യോഗത്തില്‍ സുശീല ഗോപാലന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും ഉടന്‍ തന്നെ ഇ.കെ നായനാരുടെ പേരും നിര്‍ദ്ദേശിക്കപ്പെടുകയും ആ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന, എം.എല്‍.എ ആവാതിരുന്ന ഇ.കെ നായനാര്‍ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞടുക്കപ്പെട്ടുവെന്നും പിരപ്പന്‍കോട് മുരളി വ്യക്തമാക്കുന്നു.
ജനകീയസമരങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ഉറച്ച കമ്യൂണിസിറ്റുകാരനായിരുന്നു വി.എസ് എന്ന് അദ്ദേഹത്തിന്റെ നിലപാടുകളുടെയും സമരങ്ങളുടെയും ചരിത്രം മുന്‍നിര്‍ത്തിക്കൊണ്ട് ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നു. ഇടമലയാര്‍ കേസ്, കോഴിക്കോഴ, മതികെട്ടാന്‍മല, മുത്തങ്ങസമരം, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം, പൂയംകുട്ടി വനം കൈയേറ്റം, വിവിധ പെണ്‍വാണിഭക്കേസുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വി.എസ് എടുത്ത നിലപാടുകളും വിട്ടുവീഴ്ചയില്ലാത്ത നടപടികളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
തുടര്‍ച്ചയായി പാര്‍ട്ടി നേതൃത്വത്തോട് ഇടയേണ്ടി വന്ന വി.എസിന്റെ നിലപാടുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പാര്‍ട്ടി സെക്രട്ടേറിയേറ്റ് തീരുമാനിച്ചത് സ്ഥാനാര്‍ഥിത്വം വിലക്കിക്കൊണ്ടായിരുന്നുവെന്നും അതിനു കാരണമായി നിരത്തിയത് വി.എസ് ന്യൂനപക്ഷവിരുദ്ധനും വികസനവിരുദ്ധനുമാണെന്ന് സ്ഥാപിച്ചു കൊണ്ടായിരുന്നുവെന്നും പിരപ്പന്‍കോട് മുരളി ആരോപിക്കുന്നു. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനത്തെ അട്ടിമറിച്ച ജനരോഷവും ഒടുക്കം വി.എസ്സിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നതിനെക്കുറിച്ചും മലമ്പുഴയില്‍ മത്സരിപ്പിച്ചതിനെക്കുറിച്ചും പുസ്തകത്തില്‍ വിവിധ പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്. 'വി.എസ് കമ്യൂണിസ്റ്റ് മനുഷ്യാവതാരം' പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കുമാണ് വഴിതെളിച്ചിരിക്കുന്നത്.
Content Highlights: Pirappancode Murali Book 'VS Communist Avatharam' become political Discussion