പത്മപ്രഭാ സ്മാരക പുരസ്‌കാര സമർപ്പണം, സാഹിത്യസംഗമത്തിനൊരുങ്ങി വയനാട്

പത്മപ്രഭാ ഗൗഡര്‍, ആര്‍. രാജശ്രീ
പത്മപ്രഭാ ഗൗഡര്‍, ആര്‍. രാജശ്രീ

കല്പറ്റ: വയനാട്ടിലെ പ്രധാന സാഹിത്യ സംഗമങ്ങളിലൊന്നായ പത്മപ്രഭാ സ്മാരക പുരസ്‌കാരത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി നാട്. വെള്ളിയാഴ്ച വൈകീട്ട് 3.30-ന് പുളിയാർമല കൃഷ്ണഗൗഡർ ഹാൾ പുരസ്‌കാര സമർപ്പണത്തിന് വേദിയാവും. രാഷ്ടീയ, കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പൊതുജനങ്ങളും സംഗമിക്കുന്ന വേദിയിൽ ശശി തരൂർ എം.പി. നോവലിസ്റ്റ് ആർ. രാജശ്രീക്ക് പുരസ്‌കാരം സമ്മാനിക്കും. ചടങ്ങിൽ പത്മപ്രഭാ സ്മാരക ട്രസ്റ്റിന്റെ ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ അധ്യക്ഷത വഹിക്കും. പുരസ്‌കാര ജേതാവ് ആർ. രാജശ്രീയെ മാതൃഭൂമി ഡയറക്ടർ എം.കെ. ജിനചന്ദ്രൻ പൊന്നാടയണിയിക്കും.

സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തും. ആർ. രാജശ്രീ, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, എഴുത്തുകാരായ എസ്. സിതാര, ഒ.കെ. ജോണി, സ്വാഗതസംഘം ചെയർമാൻ പി.കെ. സുധീർ, ജനറൽ കൺവീനർ ഡോ. കെ.ടി. അഷറഫ് എന്നിവർ പ്രസംഗിക്കും.

ആധുനിക വയനാടിന്റെ ശില്പികളിൽ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡറുടെ സ്മരണാർഥമാണ് പത്മപ്രഭാ സ്മാരക പുരസ്‌കാരം നൽകുന്നത്.

ജനപ്രതിനിധിയെന്ന നിലയിലും സോഷ്യലിസ്റ്റെന്ന നിലയിലും വയനാടിന്റെ രാഷ്ട്രീയ - സാംസ്‌കാരിക- വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പത്മപ്രഭാ ഗൗഡർ നൽകിയ സേവനങ്ങൾ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ സ്മരണാർഥം 1996 മുതലാണ് പത്മപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് പുരസ്‌കാരം ഏർപ്പെടുത്തിയത്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും അടങ്ങുന്നതാണ് പത്മപ്രഭാ സ്മാരക പുരസ്‌കാരം.