കവിത നന്മയ്ക്കുവേണ്ടിയുള്ള ഉടമ്പടി -കെ. ജയകുമാർ

കല്പറ്റ പുളിയാർമലയിലെ കൃഷ്ണ‌ഗൗഡർ ഹാളിൽ പത്മപ്രഭാ പുരസ്ക‌ാര സമർപ്പണ ചടങ്ങിൽ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ്‌കുമാർ എന്നിവർ സാഹിത്യകാരൻ കെ.ജയകുമാറിനെ പൊന്നാടയണിയിക്കുന്നു
കല്പറ്റ പുളിയാർമലയിലെ കൃഷ്ണ‌ഗൗഡർ ഹാളിൽ പത്മപ്രഭാ പുരസ്ക‌ാര സമർപ്പണ ചടങ്ങിൽ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ്‌കുമാർ എന്നിവർ സാഹിത്യകാരൻ കെ.ജയകുമാറിനെ പൊന്നാടയണിയിക്കുന്നു

കല്പറ്റ: നന്മയ്ക്കുവേണ്ടി വായനക്കാരനുമായി കവി ഉണ്ടാക്കുന്ന ഉടമ്പടിയാണ് കവിതയെന്ന് എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പറഞ്ഞു. പത്മപ്രഭാപുരസ്കാരം റഫീക്ക് അഹമ്മദിനു സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കവിയും ജീവിതം നശിച്ചുപോകാനോ മോശമാകാനോ അല്ല കവിതയെഴുതുന്നത്. മോശമായ അവസ്ഥകളെ ചിത്രീകരിക്കുമ്പോഴും ആ കവി ആഗ്രഹിക്കുന്നത് എല്ലാം തിരിച്ചുവരണേയെന്ന പ്രാർഥനയാണ്. മനുഷ്യന്റെ നന്മയ്ക്കുവേണ്ടി നേരിട്ടോ അല്ലാതെയോ ഉള്ള പ്രാർഥനകളാണ് ലോകത്തുള്ള എല്ലാ കവിതകളും.

പത്മപ്രഭാ പുരസ്കാരം ഏറെക്കാലമായി കേരളത്തിലെ തലയെടുപ്പുള്ള പുരസ്കാരമായി അടയാളപ്പെടുത്തിക്കഴിഞ്ഞു. ഇന്നും ഉചിതമായ കൈകളിലാണ് അത് എത്തുന്നതെന്നതിൽ ഏറെ സന്തോഷമുണ്ട്. പുരസ്കാരം പുരസ്കൃതമാകുന്നത് അത് അർഹമായ കൈകളിലെത്തുമ്പോഴാണ്. പുരസ്കാരവും പുരസ്കാരജേതാവും തമ്മിൽ ഒരു ഇഴയടുപ്പമുണ്ട്. റഫീക്ക് അഹമ്മദിനു പുരസ്കാരം നൽകുമ്പോൾ ശരിയായി എന്നല്ലാതെ മറ്റൊരുശബ്ദമുണ്ടാവില്ല.

പത്മപ്രഭാപുരസ്കാരം സാഹിത്യത്തിനല്ലാതെ മറ്റുപലതിനും നൽകാമായിരുന്നു. പുരസ്കാരശില്പികൾ അത് സാഹിത്യപുരസ്കാരമായി മാറണമെന്ന്‌ ആഗ്രഹിച്ചു. സാഹിത്യത്തിനു ട്രസ്റ്റ് നൽകുന്ന മൂല്യമാണ് പുരസ്കാരത്തിലൂടെ വ്യക്തമാകുന്നത്. സാഹിത്യമൂല്യം മുന്നോട്ടുകൊണ്ടുപോകുന്നവർക്കുള്ള ആദരമാണ് പത്മപ്രഭാ പുരസ്കാരം.

സാംസ്കാരികമൂല്യങ്ങൾ ഒലിച്ചുപോവുകയാണോയെന്ന് വ്യാകുലപ്പെട്ടിരിക്കുന്ന സന്ദർഭത്തിൽ സാഹിത്യത്തിനും കലയ്ക്കും കവിതയ്ക്കുമൊക്കെ കൊടുക്കുന്ന പ്രാധാന്യത്തിനു സവിശേഷമായ അർഥമുണ്ട്. ഇരുട്ടിനു കട്ടികൂടുമ്പോഴാണ് കത്തിച്ചുവെച്ച വിളക്കിനു പ്രഭയേറുന്നതെന്ന് പറയുംപോലെ സാംസ്കാരികമൂല്യങ്ങൾക്ക് ച്യുതിസംഭവിക്കുമ്പോൾ സാഹിത്യത്തിനു നൽകുന്ന അംഗീകാരത്തിനു വലിയപ്രാധാന്യമുണ്ട്. 1996-ൽ പുരസ്കാരം സ്ഥാപിക്കുന്ന സമയത്തെക്കാളും പ്രാധാന്യം ഇപ്പോഴുണ്ടെന്നാണ് കരുതുന്നത്.

മറ്റുള്ളവരുടെ ദുഃഖത്തിലും ജീവിതത്തിന്റെ ദുരന്തങ്ങളിലും സ്വയം അലിയാനുള്ള കഴിവ് നിലനിർത്തുന്ന അദ്‌ഭുതസിദ്ധിയാണ് കവിതയും സാഹിത്യവും. സാഹിത്യം സ്വയം വിമലീകരിക്കുന്ന ഒന്നാണ്. കഥാപാത്രങ്ങളുടെ സുഖ ദുഃഖങ്ങളിലും അവരുടെ വൈകാരിക വിസ്ഫോടനങ്ങളിലും സ്വയം അലിയാനുള്ള കഴിവിന്റെ പുനർനിർവചനമാണത്. അതാണ് സാഹിത്യത്തിന്റെ ധർമവും. അലിയാനുള്ള കഴിവ് നഷ്ടപ്പെടുന്ന കാലഘട്ടത്തിലാണ് സാഹിത്യത്തിന്റെ മൂല്യം വർധിക്കുന്നത്. സാഹിത്യത്തിന്റെ മൂല്യം മനസ്സിലാക്കുന്നവർക്കുമാത്രമേ ജീവിതത്തിന്റെ മൂല്യവും മനസ്സിലാക്കാൻ സാധിക്കൂ. വൈകാരികമായ ബന്ധങ്ങളിലൂടെ ജീവിതത്തിന്റെ സൗന്ദര്യം വീണ്ടെടുക്കലാണ് സാഹിത്യത്തിന്റെ ധർമമെന്നു സ്ഥാപിക്കുകയാണ് പത്മപ്രഭാ പുരസ്കാരം.

മലയാള സിനിമാഗാനങ്ങൾ ശുഷ്കിച്ചുവരണ്ടസമയത്ത് പ്രതിഭയുടെയും ഭാവനയുടെയും പുതുമഴപോലെ വന്ന വരികളാണ് റഫീക്ക് അഹമ്മദിന്റേത്. സിനിമാഗാനരചന ശ്രമകരമായ പീഡാനുഭവാണ്. സിനിമാമേഖലയിൽ കവിത്വമുള്ള വരികളെഴുതുന്ന പാട്ടെഴുത്തുകാരനാണ് റഫീക്ക് അഹമ്മദ്. കവിതയുടെ വിശുദ്ധി കൈമോശംവരാതെ സംശ്ലേഷണംചെയ്യാൻ കാണിക്കുന്ന മികവ് അദ്‌ഭുതാവഹമാണ്. മലയാള ചലച്ചിത്രഗാനരംഗത്തുണ്ടായ ച്യുതി വലിയൊരളവിൽ പരിഹരിക്കുന്നതിനു റഫീക്ക് അഹമ്മദിന്റെ ഗാനങ്ങൾ മലയാളഭാഷയെ അനുഗ്രഹിച്ചു. കവിത്വം ഉള്ളിലുള്ളതുകൊണ്ട് ഗാനരചയിതാവായ വ്യക്തിയാണ് റഫീക്ക് അഹമ്മദ്, അല്ലാതെ ഗാനരചന നടത്തിയ പ്രശസ്തികൊണ്ട് കവിയായ ആളല്ലെന്നും കെ. ജയകുമാർ പറഞ്ഞു.

വയനാട്ടിലേക്ക് വരാൻ തനിക്കേറെയിഷ്ടമാണെന്നും ജയകുമാർ പറഞ്ഞു. പുണെയിലേക്ക് പോവേണ്ടതായിരുന്നിട്ടും പരിപാടിയുടെ ആകർഷണംകൊണ്ടാണ് ഏറെ ഇഷ്ടത്തോടെ എത്തിയത്. പ്രിയപ്പെട്ട വയനാടിനെ ദുരന്തമെന്ന വാക്കുമായി ചേർത്തുപറയേണ്ടിവരുന്നത് സങ്കടകരമാണ്. മനസ്സിൽ സൗന്ദര്യംകൊണ്ടെഴുതിയ വയനാടിന്റെ ചിത്രത്തിന്‌ എന്തെന്നില്ലാത്ത ദുഃഖത്തിന്റെ പരിവേഷമാണ് അത് നൽകുന്നത്. കാലം മായ്കാത്ത മുറിവുകളില്ലെന്നും വയനാട് എന്നും പ്രിയപ്പെട്ട ഹരിതഭൂമിയായി ഹൃദയത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: K. Jayakumar`s speech at the Padma Prabha award ceremony highlights the significance of literature