പ്രദര്‍ശനത്തിനായി കൊണ്ടുപോകുന്നതിനിടെ പിക്കാസോയുടെ 6.15 കോടി മൂല്യമുള്ള ചിത്രം കാണാതായി

സ്‌പെയിനിലെ ഒരു ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്താനായി കൊണ്ടുപോകുന്നതിനിടെ വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ 6.15 കോടിയുടെ ചിത്രം നഷ്ടപ്പെട്ടു. 600,000 യൂറോ (6.15 കോടി രൂപ) വിലമതിക്കുന്ന, ക്യാന്‍വാസില്‍ എണ്ണച്ചായത്തില്‍ വരച്ച 'സ്റ്റില്‍ ലൈഫ് വിത്ത് ഗിറ്റാര്‍' എന്ന ചിത്രമാണ് നഷ്ടമായിരിക്കുന്നത്. പിക്കാസോ ചിത്രങ്ങളുടെ മൂല്യം വളരെ വലുതായതിനാല്‍ സൃഷ്ടികള്‍ മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത് പതിവായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചിത്രം കാണാതായിരിക്കുന്നത്.
മാഡ്രിഡില്‍ നിന്ന് തെക്കന്‍ നഗരമായ ഗ്രനാഡയിലേക്ക് പ്രദര്‍ശനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ചിത്രം അപ്രത്യക്ഷമായത്. സംഭവത്തെക്കുറിച്ച് സ്പാനിഷ് പോലീസ് സത്വര അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ പ്രതികരിച്ചു.
കഴിഞ്ഞയാഴ്ച കാജഗ്രനാഡ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഒരു പ്രദര്‍ശനത്തില്‍ വെക്കാനിരുന്നതായിരുന്നു ഈ ചിത്രമെന്ന് പ്രാദേശിക പത്രമായ 'ഐഡിയല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദര്‍ശനത്തിലെ എല്ലാ സൃഷ്ടികളും സ്വകാര്യ ശേഖരങ്ങളില്‍ നിന്നുള്ളതാണെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു.
ചിത്രം കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ദേശീയ പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചുവെങ്കിലും രഹസ്യസ്വഭാവം കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ലോകത്ത് ഏറ്റവുമധികം മൂല്യം നിശ്ചയിച്ച് വില്‍ക്കപ്പെടുന്ന ചിത്രങ്ങളുടെ സ്രഷ്ടാക്കളിലൊരാളാണ് പിക്കാസോ. സമീപ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ രണ്ട് പെയിന്റിംഗുകള്‍ ലേലത്തില്‍ 140 ദശലക്ഷം ഡോളറില്‍ (1,231 കോടി രൂപ) അധികം തുകയ്ക്കാണ് വിറ്റുപോയത്.
ഏറ്റവും കുപ്രസിദ്ധമായ മോഷണങ്ങളിലൊന്ന് നടന്നത് 1976-ല്‍ ആയിരുന്നു. തെക്കന്‍ ഫ്രാന്‍സിലെ അവിഗ്‌നോണിലുള്ള പാലൈസ് ഡെസ് പേപ്‌സ് മ്യൂസിയത്തില്‍ നിന്ന് പിക്കാസോയുടെ നൂറിലധികം പെയിന്റിംഗുകളാണ് അന്ന് മോഷ്ടിക്കപ്പെട്ടത്. പിന്നീട് എല്ലാ സൃഷ്ടികളും കണ്ടെടുത്തിരുന്നു.
തന്റെ നീണ്ട കലാജീവിതത്തിലുടനീളം പരമ്പരാഗത ആശയങ്ങളെ വെല്ലുവിളിക്കുകയും വൈവിധ്യമാര്‍ന്ന ശൈലികളിലും വിഷയങ്ങളിലും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്ത പിക്കാസോയുടെ ചിത്രങ്ങള്‍ക്ക് എക്കാലവും വലിയ ആരാധകനിരതന്നെയാണ് ഉള്ളത്.