വി.കെ.എന്നിന്റെ ഇരിപ്പിടം ഇരുട്ടില്‍; ആരാധകന്‍ നല്‍കിയ ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കള്‍ നശിക്കുന്നു

വി.കെ.എന്‍ സ്മാരകം
വി.കെ.എന്‍ സ്മാരകം

തൃശ്ശൂര്‍: തിരുവില്വാമലയിലെ വി.കെ.എന്‍. സ്മാരകത്തില്‍ ഒരു ആരാധകന്‍ നല്‍കിയ ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കളുണ്ട്. വി.കെ.എന്‍. ഉപയോഗിച്ച വസ്തുക്കള്‍ സൂക്ഷിക്കാനായി 45 അറകളുള്ള അലമാരയും എഴുത്തുകസേര ഉയര്‍ത്തിവയ്ക്കാനുള്ള പീഠവുമാണിത്. പ്രവാസിയായ ഇരിങ്ങാലക്കുടയിലെ പ്രദീപ് എന്നയാളാണ് ഇവ ജനുവരി ഒന്നിന് സ്മാരകമന്ദിരത്തില്‍ എത്തിച്ചുനല്‍കിയത്.

മന്ദിരത്തിലെ പ്രവേശനമുറിയില്‍ത്തന്നെ ഇവ വെച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാനാകുന്നില്ല. നിര്‍മാണം പൂര്‍ത്തിയാക്കി മന്ദിരം തുറന്നിട്ട് 10 വര്‍ഷമായിട്ടും ഇതേവരെ കെട്ടിടത്തിനുള്ളിലെ മുറികളില്‍ വയറിങ് നടത്തിയിട്ടില്ല എന്നതാണ് കാരണം. 2014 ഫെബ്രുവരി 13-ന് അന്നത്തെ സാംസ്‌കാരികമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്ത സ്മാരകത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയതു മുന്നിലെ തിണ്ണയില്‍മാത്രം. പത്തുവര്‍ഷംമുമ്പ് അവിടെ ഉദ്ഘാടനത്തിനായി നടത്തിയ വയറിങ്ങും കണക്ഷനും അവിടംകൊണ്ട് നിര്‍ത്തി.

വി.കെ.എന്‍ സ്മാരകത്തില്‍ അദ്ദേഹത്തിന്റെ പുരസ്‌കാരങ്ങള്‍

വി.കെ.എന്റെ വീടിനു മുന്നില്‍ വീട്ടുകാര്‍ സൗജന്യമായി നല്‍കിയ ഏഴ് സെന്റിലാണ് 1000 ചതുരശ്രയടിയില്‍ സ്മാരകമന്ദിരം നിര്‍മിച്ചത്. തിണ്ണ ഒരു സ്റ്റേജിന്റെ രീതിയില്‍ നിര്‍മിച്ച് ഉള്ളില്‍ വലിയൊരു ഹാളും ഓഫീസ്മുറിയുമാണുള്ളത്. ഹാളില്‍ രണ്ട് പെട്ടിയിലും ഒരു മരപ്പെട്ടിയിലും ഇരുമ്പിന്റെ ഫ്രെയിം മാത്രമുള്ള അലമാരയിലുമാണ് വി.കെ.എന്റെ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

എഴുതിയ പേന മുതല്‍ മൂക്കിപ്പൊടിഡപ്പയും കളിച്ച ചീട്ടിന്റെ പെട്ടിയും എഴുതിയ കടലാസുകളും വസ്ത്രങ്ങളും കണ്ണടയും ചെരിപ്പും ടൈപ്പ് റൈറ്ററും റേഡിയോയും മുതല്‍ കാല്‍ കയറ്റിവെച്ചിരുന്ന ചെറിയ മരബെഞ്ചുവരെ ഇവിടെയുണ്ട്. കിട്ടിയ സമ്മാനങ്ങളും ഫലകങ്ങളും സര്‍ട്ടിഫിക്കറ്റുമുണ്ട്. ഇവയെല്ലാം സുരക്ഷിതമായി സൂക്ഷിക്കാനും കാണാനെത്തുന്നവര്‍ക്ക് കൃത്യമായി കാണാനുമായാണ് എല്‍.ഇ.ഡി. ലൈറ്റുകളോടുകൂടിയ മൂന്ന് അലമാരകളും എഴുത്തുകസേര സുരക്ഷിതമായി ഉയര്‍ത്തിവയ്ക്കാനുള്ള ആധുനികപീഠവും ആരാധകന്‍ സമ്മാനിച്ചത്. പക്ഷേ, ഇവ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി കണക്ഷന്‍ വേണം. അത് കിട്ടാന്‍ കെട്ടിടം വയറിങ് നടത്തണം.

വി.കെ.എന്‍ സ്മാരകത്തില്‍ അദ്ദേഹത്തിന്റെ കസേര

നോവലിസ്റ്റ് കെ. രഘുനാഥനാണു സുഹൃത്ത് പ്രദീപിനെ സ്മാരകത്തിലെത്തിച്ചതും പുതുമോടിക്കായുള്ള വഴിയൊരുക്കിയതും. കേരള സാഹിത്യ അക്കാദമിയുടെ നിയന്ത്രണത്തിലാണ് സ്മാരകമുള്ളത്.

വി.കെ.എന്‍. സ്മാരകസമിതിയാണ് ദൈനംദിനകാര്യങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ സ്മാരകവികസനത്തിനായി വി.കെ.എന്റെ കുടുംബം നാലുസെന്റ് സ്ഥലംകൂടി വിട്ടുനല്‍കിയിട്ടുണ്ട്. ഇരുപത്തഞ്ചിനാണ് വി.കെ.എന്റെ 21-ാം ചരമവാര്‍ഷികം.
 

Content Highlights: no electricity in vkn monument at thiruvillamala